1

നെയ്യാറ്റിൻകര: വട്ടപ്പറമ്പിൽ ചാരായ വില്പന നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തിനു നേരെ ആക്രമണം. കാട്ടാക്കട എക്സൈസ് സംഘത്തിനു നേരെയാണ് ചെമ്പൂരിലെ വട്ടപ്പറമ്പ് ജംഗ്‌ഷനിൽ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30 നായിരുന്നു സംഭവം. പരിശോധനയിൽ ചെമ്പൂര് വട്ടപ്പറമ്പിൽ സജികുമാറിനെ (47) പിടികൂടുകയും ഇയാളുടെ പക്കലുണ്ടായിരുന്ന 39 ലിറ്റർ സ്‌പിരിറ്റ് കലർന്ന ചാരായവും കണ്ടെടുത്തു. പ്രതിയുമായി മടങ്ങാൻ നേരം ഇയാൾ ബഹളം വച്ചതിനെ തുടർന്ന് മറഞ്ഞുനിന്ന കൂട്ടു പ്രതികളായ സന്ദീപ്, സഞ്ജയ്, ശരത്ത്, സജികുമാറിന്റെ സഹോദരൻ സത്യൻ, ഷൈൻ ജോസ്, ഭജൻലാൽ, സജിയുടെ ഭാര്യ സുധ, സത്യന്റെ ഭാര്യ സുലോചന തുടങ്ങി 35 ഓളം പേർ ഒത്തുകൂടി എക്സൈസ് സംഘത്തിലെ ആറുപേരെ മാരകായുധങ്ങളുമായി ആക്രമിക്കുകയും ഇവർ എത്തിയ കാറും ബൈക്കും അടിച്ചു തകർക്കുകയും ചെയ്തു. ഇതിനിടയിൽ കൈ വിലങ്ങുമായി നിന്ന സജികുമാർ ഇരുട്ടിൽ ഓടി മറഞ്ഞു. ഇവിടെ നിന്ന് എക്സൈസുകാർ പിടിച്ചെടുത്ത വ്യാജ ചാരായവും ആക്രമികൾ തട്ടിക്കൊണ്ടുപോയി. അക്രമത്തിൽ ഗുരുതര പരിക്കേറ്റ കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ സ്വരൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, ഹർഷകുമാർ, രാജീവ്, സുനിൽ പോൾ, ഷിന്റേ എബ്രഹാം എന്നിവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റ ഉദ്യോഗസ്ഥരെ അഡിഷണൽ എക്സൈസ് കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയേൽ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഗോപകുമാർ, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബു തുടങ്ങിയവർ സന്ദർശിച്ചു. ആര്യൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഫോട്ടോ: ചെമ്പൂര് വട്ടപ്പറമ്പിൽ ചാരായ വില്പന കേന്ദ്രത്തിലെ റെയ്ഡിനിടെ പരിക്കേറ്റ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എക്സൈസ് ഉദ്യോഗസ്ഥർ

ഫോട്ടോ..... എക്സൈസ് സംഘം എത്തിയ കാർ തകർത്തനിലയിൽ