കൊവിഡിന്റെ സമൂഹവ്യാപനത്തെപ്പറ്റി സംശയം ഉയർന്ന സാഹചര്യത്തിൽ പനിലക്ഷണവുമായി ആശുപത്രികളിലെത്തുന്ന സകലരെയും കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കണമെന്ന കേന്ദ്ര നിർദ്ദേശം സ്വാഗതാർഹമാണ്. ലോക്ക് ഡൗൺ സമയപരിധി കഴിഞ്ഞും രാജ്യത്ത് കൊവിഡ് രോഗബാധ ഇല്ലെന്നു ഉറപ്പിക്കാൻ ഇതാവശ്യമാണ്. വിദേശയാത്രാ പശ്ചാത്തലവും രോഗബാധിതരുമായി നേരിട്ടു സമ്പർക്കവുമില്ലാത്തവരിലും കൊവിഡ് രോഗം സ്ഥിരീകരിച്ച സംഭവം രാജ്യത്തു പലേടത്തും ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം സമൂഹ വ്യാപനത്തിലേക്കു കടന്നിരിക്കാനുള്ള സാദ്ധ്യതയാണു ഇതു കാണിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ വിപുലവും ശക്തവുമായ കൊവിഡ് പരിശോധന ആവശ്യമായി വന്നിരിക്കുകയാണ്. പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകൾ വൻതോതിൽ വിദേശത്തു നിന്ന് സംഭരിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപ്തി കൂടുതലായ മഹാരാഷ്ട്രയ്ക്ക് രണ്ടുലക്ഷം കിറ്റുകൾ നൽകിക്കഴിഞ്ഞു. രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന കേരളത്തിനും ഒരുലക്ഷം കിറ്റുകൾ ലഭിച്ചിട്ടുണ്ട്. മാർച്ച് 24നു പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗണിൽ ഭാഗിക ഇളവുകൾ ചില സംസ്ഥാനങ്ങളിൽ നടപ്പായിട്ടുണ്ടെങ്കിലും രാജ്യത്തെ മൊത്തത്തിലുള്ള സ്ഥിതി ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ്. കഴിഞ്ഞ ദിവസം മാത്രം 2154 പേരിൽ പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടു. സംഖ്യ രണ്ടായിരത്തിനു മുകളിലേക്ക് കയറുന്നതും ഇതാദ്യമാണ്. രോഗനില ഇനിയും നിയന്ത്രണ വിധേയമാകാനുണ്ടെന്ന സൂചനയാണ് ഇതു നൽകുന്നത്. മേയ് 3-ന് ലോക്ക് ഡൗൺ അവസാനിച്ച ശേഷമുള്ള സ്ഥിതി നേരിടാൻ കുറ്റമറ്റ സംവിധാനങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ രോഗവ്യാപനം കൂടുതൽ ശക്തമാകാനുള്ള സാഹചര്യമാണു കാണുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറെ ആശങ്ക സൃഷ്ടിക്കുന്നത്.
രോഗം സംശയിക്കുന്ന മുഴുവൻ ആളുകളെയും പരിശോധിച്ച് സ്ഥിരീകരണം വരുത്തേണ്ടതുണ്ട്. അതിനുള്ള സംവിധാനത്തെക്കുറിച്ചാണ് കേന്ദ്രം ഇപ്പോൾ ആലോചിക്കുന്നത്. ഓരോരുത്തരെയും പരിശോധിച്ച് ഫലം ഉറപ്പാക്കുന്നതിനു പകരം അഞ്ച് മുതൽ ഇരുപതോ ഇരുപത്തഞ്ചോ പേരുടെ സ്രവം എടുത്ത് ഒന്നിച്ചാക്കി പരിശോധിക്കുന്ന സമ്പ്രദായം പ്രാവർത്തികമാക്കിയാൽ സമയവും ചെലവും കുറയ്ക്കാനാകുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള പരിശോധനയിൽ ഫലം നെഗറ്റീവാണെങ്കിൽ അത്രയും ആൾക്കാർ സുരക്ഷിതരായി കരുതാം. രോഗതീവ്ര മേഖലകളിലും രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിലുമാകും ഇത്തരം പരിശോധന ആദ്യം നടപ്പാക്കുക. നാലാഴ്ച പിന്നിടുമ്പോഴും മുംബയിലെ ധാരാവി കൊവിഡിന്റെ അതിതീവ്ര മേഖലയായി തുടരുന്ന പശ്ചാത്തലത്തിൽ വിപുല തോതിലുള്ള രോഗപരിശോധന അനിവാര്യമായിട്ടുണ്ട്. ഇത്തരത്തിലുള്ള പരിശോധനകൾ നടത്തിയാണ് കിഴക്കൻ - ഏഷ്യൻ രാജ്യങ്ങൾ ഏറ്റവും ഫലപ്രദമായി കൊവിഡിനെ പിടിച്ചുകെട്ടിയത്.
രോഗതീവ്രത കുറഞ്ഞ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കൃഷി - ഉത്‌പാദന മേഖലകൾക്ക് ജീവൻവച്ചുതുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗണിനെത്തുടർന്ന് അന്നം മുട്ടിയ കോടിക്കണക്കിനു വരുന്ന തൊഴിലാളികൾക്ക് പഴയ നിലയിൽ തൊഴിലും കൂലിയും ലഭിക്കാൻ ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടിവരും. കൃഷിപ്പണിക്കാവശ്യമായ തൊഴിലാളികളെ കിട്ടാത്തതാണ് കാർഷിക മേഖല നേരിടുന്ന മുഖ്യ വെല്ലുവിളി. തൊഴിലാളികളിൽ നല്ലൊരു പങ്ക് നാടുകളിലേക്ക് പോയതോടെ വിളവെടുപ്പ് ഉൾപ്പെടെയുള്ള കൃഷിപ്പണികൾ മുടങ്ങിയിരിക്കുകയാണ്. കൃഷി മേഖല നിയന്ത്രണങ്ങളിൽ നിന്നു മുക്തമായെങ്കിലും ഗതാഗത സംവിധാനങ്ങൾ അടഞ്ഞുതന്നെ കിടക്കുന്നതിനാൽ തൊഴിലാളികൾക്ക് യാത്രാസൗകര്യമില്ല. ഗതാഗത മേഖല എന്നത്തേക്കു തുറക്കുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. മേയ് 3 കഴിഞ്ഞാലും റെയിൽ - വിമാന ഗതാഗതം പുനരാരംഭിക്കാൻ വൈകുമെന്നാണ് സൂചന. മേയ് 4 മുതൽ വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതാണ്. എന്നാൽ കേന്ദ്രം ഇടപെട്ട് അത് പൊടുന്നനെ നിറുത്തിവയ്പിച്ചു. റെയിൽവേയും ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കൊവിഡ് രോഗികളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദീർഘദൂര സഞ്ചാര പാതകൾ തുറന്നാലുണ്ടാകാവുന്ന അപകടം ഓർത്താണ് തീരുമാനം വൈകിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ലോക്ക് ഡൗണിനു മുമ്പേ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി യാത്ര മുടങ്ങി കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം പുനരാരംഭിക്കുന്നതും നോക്കി ആകാംക്ഷയോടെ കഴിയുകയാണവർ. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതും കാത്ത് വിദേശങ്ങളിലും ലക്ഷക്കണക്കിനു പ്രവാസികൾ അക്ഷമരായി കഴിയുന്നുണ്ട്.
കേരളത്തിൽ ഏഴു ജില്ലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നുകഴിഞ്ഞു. ഇളവുകൾ ബാധകമായ ജില്ലകളിലും തീവ്രമേഖലകൾ ഉള്ളതിനാൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവൊന്നുമില്ല. തലസ്ഥാന നഗരിയും അതിലുൾപ്പെടും. സംസ്ഥാനത്ത് 88 സ്ഥലങ്ങളെയാണ് തീവ്രമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുടങ്ങിക്കിടക്കുന്ന സർവകലാശാല പരീക്ഷകൾ മേയ് 11-നു തുടങ്ങാൻ തീരുമാനിച്ചത് വിദ്യാർത്ഥികൾക്ക് ആശ്വാസമാകും. പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ മുടങ്ങിപ്പോയ പരീക്ഷകൾക്കും പുതിയ തീയതി കണ്ടുപിടിക്കേണ്ടതുണ്ട്. പുതിയ അദ്ധ്യയനവർഷം തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കേണ്ട സമയമാണിത്. കൊവിഡ് പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ളാസുകളുടെ സിലബസ് ലഘൂകരിക്കാൻ ഒരുങ്ങുകയാണ്. അദ്ധ്യയന വർഷം ചുരുക്കേണ്ടിവന്നാൽ ഇവിടെയും പഠനഭാരം ലഘൂകരിക്കാനുള്ള നടപടികൾ എടുക്കാവുന്നതാണ്. പൊതുവിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണി വേഗം പൂർത്തീകരിക്കാനുള്ള നടപടി ഇപ്പോഴേ തുടങ്ങണം. ജൂൺ ആദ്യം മഴ എത്തുമെന്നതിനാൽ അതിനുമുമ്പേ അതൊക്കെ തീർത്തുവയ്ക്കുന്നത് നന്നായിരിക്കും. കൊവിഡിന്റെ മറവിൽ സ്വാശ്രയ മേഖലയിലെ അദ്ധ്യാപകർക്ക് ശമ്പളം നൽകാൻ മടിക്കുന്ന മാനേജ്‌മെന്റുകളെ അതിനു പ്രേരിപ്പിക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നുകൂടി ഓർമ്മിപ്പിക്കട്ടെ.
.........................................................................................................................................................................................................................................................................
ഓരോരുത്തരെയും പരിശോധിച്ച് ഫലം ഉറപ്പാക്കുന്നതിനു പകരം അഞ്ച് മുതൽ ഇരുപതോ ഇരുപത്തഞ്ചോ പേരുടെ സ്രവം എടുത്ത് ഒന്നിച്ചാക്കി പരിശോധിക്കുന്ന സമ്പ്രദായം പ്രാവർത്തികമാക്കിയാൽ സമയവും ചെലവും കുറയ്ക്കാനാകുമെന്നാണ് പറയുന്നത്