v-muraleedharan

ന്യൂഡൽഹി: ലോക്ക് ഡൗൺ ഇളവ് നൽകിയ കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഏഴ് ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിർത്തിയിൽ നിയന്ത്രണം പാളിയെന്ന് വ്യക്തമാക്കുന്നതാണ് നിരത്തുകളിൽ കാണുന്ന വൻ തിരക്ക്. രോഗബാധ സാമൂഹിക വ്യാപനത്തിലേയ്ക്ക് മാറാതിരിക്കാൻ നിർദേശങ്ങൾ കർശനമായി പാലിച്ചേ മതിയാകൂവെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ക് ഡൗൺ കർശനമാക്കിയതുകൊണ്ടാണ്. ഇപ്പോൾ ആ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാവുകയാണ്.

സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താനാകൂ. കേരളം വളരെ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത് എന്നാണ് എന്റെ അഭ്യർത്ഥന. എന്നാൽകേന്ദ്രനിർദേശത്തെ തുടർന്ന് ഇളവുകളിൽ തിരുത്തൽ വരുത്തിയ കേരള സർക്കാരിന്റെ നടപടിയെ മറ്റൊരു കുറിപ്പിൽ മുരളീധരൻ സ്വാഗതം ചെയ്തു.

സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങൾ. അവസരോചിത ഇടപെടലുകളാണ് സർക്കാരുകൾ നടത്തേണ്ടത്. തെറ്റു തിരുത്താൻ തയ്യാറായതിൽ സന്തോഷമുണ്ടെന്നും കുറിപ്പിൽ മുരളീധരൻ പറഞ്ഞു.