തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ടെലിമെഡിസിൻ സേവനം ഉറപ്പാക്കാനായി സർക്കാർ നിയോഗിച്ച ക്വിക്ക് ഡോക്ടർ എന്ന കമ്പനിയെയും മുൾമുനയിൽ നിർത്തി പ്രതിപക്ഷ ആരോപണം സ്പ്രിംഗ്ലറിന് പിന്നാലെയാണ് പ്രതിപക്ഷം സർക്കാരിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്വിക്ക് ഡോക്ടർ തട്ടിപ്പ് കമ്പനിയാണെന്നാണ് വി.ഡി സതീശൻ എം.എൽ.എ ആരോപിച്ചു. ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ചോർത്താനുള്ള പദ്ധതിയാണിത്. ഇത് സ്പ്രിംഗ്ലളറിന്‍റെ ബിനാമി കമ്പനിയാണോ എന്ന് അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
ക്വിക്ക് ഡോക്ടർ പദ്ധതി പ്രഖ്യാപിക്കുമ്പോൾ സ്വന്തമായി ഒരു വെബ്സൈറ്റ് പോലുമില്ലാതിരുന്ന കമ്പനിയാണിത്. കേന്ദ്രമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് പരിശോധിച്ചാൽ കമ്പനി ഡയറക്ടർമാരുടെ പേര് ലഭിക്കും. ഇതിലൊരാൾ ഓട്ടോ ഡ്രൈവറും മറ്റൊരാൾ ചങ്ങനാശ്ശേരിയിലെ ലോഡ്ജ് നടത്തിപ്പുകാരനുമാണെന്നാണ് പ്രതിപക്ഷ ആരോപണം.
എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ ഈ കമ്പനിയുമായി കരാറിലേർപ്പെട്ടതെന്നും, ആ കരാർ വിവരങ്ങൾ പുറത്തുവിടണമെന്നും വി.ഡി സതീശൻ ആവശ്യപ്പെടുന്നു. ഇതിനായി ഡോക്ടർമാരുടെ സേവനം വിട്ടു നൽകിയത് ഐ.എം.എയാണ്. ഐ.എം.എയ്ക്ക് പക്ഷേ ഈ കരാറിന്‍റെ വിവരങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. ഇത് സർക്കാർ പദ്ധതിയെന്ന് വിശ്വസിച്ചാണ് ജനങ്ങൾ വിളിക്കുന്നത്. അത്തരത്തിൽ വിവരങ്ങൾ സർക്കാർ സ്വകാര്യകമ്പനിക്ക് നൽകിയെന്നും സതീശൻ ആരോപിച്ചു.