rhododendron

ലണ്ടൻ : ബ്രിട്ടനിലെ വെസ്റ്റ് സസെക്സിലെ ഹോർഷമിലുള്ള സൗത്ത് ലോഡ്ജ് ഹോട്ടലിനു മുന്നിൽ ഇപ്പോൾ മനോഹരമായ പിങ്ക് പൂക്കൾ നിറഞ്ഞ ഒരു കൊച്ചു കുന്ന് കാണാം. വസന്തക്കാലത്തിന്റെ വരവറിയിച്ചു കൊണ്ടേ പിങ്ക് കടലായി മാറിയ ഇത് ഒരു കുന്നൊന്നുമല്ല. ഒരു കൂറ്റൻ റോഡോഡെൻഡ്രോൺ ചെടിയാണിത്.

' ദ ബിഗ് റോഡി ' എന്നാണ് ഹോട്ടൽ ജീവനക്കാർ ഈ ഭീമൻ റോഡോഡെൻഡ്രോണിന് നൽകിയിരിക്കുന്ന പേര്. ബ്രിട്ടനിലെ ഏറ്റവും വലിയ റോഡോഡെൻഡ്രോൺ ചെടിയാണിത്. ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും കൂടുതൽ പൂക്കളാണ് ഈ വർഷം ബിഗ് റോഡിയിൽ പൂവിട്ടിരിക്കുന്നത്. 50 അടി വീതിയും 30 അടി ഉയരവുമാണ് ബിഗ് റോഡിയ്ക്കുള്ളത്.

ബ്രിട്ടനിൽ ഇപ്പോൾ വസന്തക്കാലത്തിന്റെ ആരംഭമാണ്. ഈ സീസണിൽ നിരവധി പേരാണ് ബിഗ് റോഡിയെ കാണാൻ ഇവിടേക്ക് ഒഴുകിയെത്തേണ്ടിയിരുന്നത്. എന്നാൽ ഇത്തവണ കൊവിഡിന്റെ വരവോടു കൂടി ബിഗ് റോഡിയിലെ പിങ്ക് പൂക്കൾ കാണാൻ പൂമ്പാറ്റുകളും വണ്ടുകളും മാത്രമാണുള്ളത്. സാധാരണ റോഡോഡെൻഡ്രോൺ ചെടികൾ ആറടിയിൽ കൂടുതൽ വളരാറില്ല. 120 വർഷങ്ങൾക്ക് മുമ്പ് വിക്ടോറിയൻ പര്യവേഷകനും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനുമായിരുന്ന ഫ്രെഡറിക് ഡുകെയ്ൻ ഗോഡ്മാനാണ് ബിഗ് റോഡിയെ ഇവിടെ നട്ടത്.

1883ൽ ഗോഡ്മാന്റെ കുടുംബം ഈ ഹോട്ടലും ചുറ്റുമുള്ള വസ്തുവും വാങ്ങുകയായിരുന്നു. അന്നു മുതൽ ഈ ചെടി അസാധാരണമായി വളർന്നുകൊണ്ടിരിക്കുകയാണ്. സാധാരണ പൂത്തുനില്ക്കുന്ന ബിഗ് റോഡിയെ പശ്ചാത്തലമാക്കി കല്യാണങ്ങളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കുന്നത് പതിവായിരുന്നു. ഇത്തവണ അതും സാധിക്കുന്നില്ല.