റോം : ഇറ്റലിയിലെ ബെർഗാമോയിലെ ഒരു പള്ളി... ആഴ്ചകൾക്ക് മുമ്പ് ശവപ്പെട്ടികൾ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്ന ഇവിടെ ഇപ്പോൾ ആ സ്ഥാനത്ത് പൂക്കളാണ്. ഇറ്റലിയിൽ കൊവിഡ് മരണ നിരക്ക് കുറഞ്ഞു വരുന്നതിന്റെ പ്രത്യാശയേകുകയാണ് ഇപ്പോൾ ശവപ്പെട്ടികൾ ഒഴിഞ്ഞ ഇവിടുത്തെ പള്ളികൾ.
ലൊംബാർഡിയിലെ സമ്പന്നമായ വടക്കൻ നഗരമാണ് ബെർഗാമോ. ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ പകുതിയും ഇവിടെയുള്ളവരാണ്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് മിലാനിലുള്ളായ ബോംബാക്രമണത്തിന്റെ അഞ്ചിരട്ടി മനുഷ്യരാണ് ബെർഗാമോയിൽ കൊവിഡ് ബാധിച്ച് മരിച്ചു വീണത്. 12,000 ത്തിലേറെ പേർ ലൊംബാർഡി മേഖലയിൽ മരിച്ചെന്നാണ് കണക്ക്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിൽ 90 ശതമാനം കൊവിഡ് കേസുകളും ലൊംബാർഡി മേഖലയിൽ നിന്നുള്ളതാണ്. ലൊംബാർഡിയിലെ മോർച്ചറികളെല്ലാം നിറഞ്ഞ് കവിഞ്ഞതോടെയാണ് ബെർഗാമോ നഗരത്തിലെ മൃതദേഹങ്ങളെല്ലാം പള്ളികളിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ബെർഗാമോയിലെ പള്ളികളിലേക്കും അടുത്ത നഗരങ്ങളിലെ ശ്മശാനങ്ങളിലേക്കും ദിവസവും ഡസൻ കണക്കിന് മൃതദേഹങ്ങളാണ് ഇറ്റാലിയൻ ആർമി എത്തിച്ചിരുന്നത്. ബെഗാമോയിൽ ശരിക്കും എത്രപേർ മരിച്ചുവെന്നതിൽ ഇപ്പോഴും കൃത്യതയില്ല.
മാർച്ച് മുതലുള്ള ആദ്യ ആറാഴ്ചകളിലായി 795 പേർ മരിച്ചതിന്റെ രേഖകൾ മാത്രമാണ് പ്രാദേശിക ഭരണകൂടങ്ങളുടെ പക്കലുള്ളത്. 272 പേരാണ് കൊവിഡ് ബാധിച്ച് ബെർഗാമോയിലെ ആശുപത്രികളിൽ മരിച്ചത്. വൈറസ് ബാധിച്ച് വീടുകളിലും നഴ്സിംഗ് ഹോമുകളിലും മറ്റും മരിച്ചവരുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇറ്റലിയിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവനുഭവപ്പെടുന്നുണ്ട്. ലൊംബാർഡിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കഴിഞ്ഞ ദിവസം ആയിരത്തിൽ താഴെ എത്തിയിരുന്നു. ഇതാദ്യമായാണ് ലൊംബാർഡിയിൽ രോഗത്തിന്റെ തീവ്രത ഇത്രയും കുറയുന്നത്. മേയ് 4 വരെയാണ് ഇറ്റലിയിൽ ലോക്ക്ഡൗൺ നിശ്ചയിച്ചിരിക്കുന്നത്. രോഗത്തിന്റെ തീവ്രത കുറയുന്നതിനാൽ ഇറ്റാലിയൻ സർക്കാർ കടകൾക്കുൾപ്പെടെ ഇളവുകൾ നൽകിയിരുന്നു. എന്നാൽ ചൈനയിലേതു പോലെ തന്നെ ഇറ്റലിയിലും കൊവിഡ് പിൻവാങ്ങിയ ശേഷം വീണ്ടും മടങ്ങി വരുമെന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ട് തന്നെ ഇളവുകകൾ സാവധാനമാക്കണമെന്നാണ് വിദഗ്ദരുടെ നിർദ്ദേശം.
എന്നാൽ ലോക്ക്ഡൗൺ അവസാനിപ്പിക്കണമെന്ന് പറയുന്നവരും കുറവല്ല. ഇറ്റലിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും നിരവധി പേരാണ്. കഴിഞ്ഞ ദിവസം 8,200 പേർക്കാണ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തത്. അതേ സമയം, നേപ്പിൾസിനടുത്തുള്ള സാവിയാനോയിലെ നൂറു കണക്കിന് പേർ മേയർക്കും കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടർക്കും ആദരമർപ്പിക്കാനായി തെരുവിലിറങ്ങിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 433 പേരാണ് കഴിഞ്ഞ ദിവസം ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 23,660 ആയി. 3,047 പേർക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. 178,972 പേർക്കാണ് ഇറ്റലിയിൽ ഇതേവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.