വാഷിംഗ്ടൺ: കൊവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത അമേരിക്കയിലെ പ്രധാന പത്രങ്ങളിലൊന്നായ ബോസ്റ്റൺ ഗ്ലോബ് ഞായറാഴ്ച ഇറങ്ങിയത് 15 പേജ് ചരമവാർത്തകളുമായി. മസാച്യൂസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രമാണ് ബോസ്റ്റൺ ഗ്ലോബ്. ഇവിടെ 1706 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 38000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡിൻെറ യഥാർത്ഥ മുഖമാണ് ചരമ പേജുകളിലൂടെ പ്രതിഫലിക്കുന്നതെന്ന് ചരമപേജുകളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് അമേരിക്കക്കാർ പറയുന്നു. കൊവിഡ് മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കെ ഇറ്റലിയിലും ദിനപത്രം ചരമവാർത്തകൾക്കായി ഭൂരിഭാഗം പേജുകളും മാറ്റിവച്ചിരുന്നു. ഒരു മാസം മുമ്പ് ഇറ്റലിയിലുണ്ടായ അതേ അവസ്ഥയാണ് അമേരിക്കയിലുള്ളതെന്ന് ട്വിറ്ററിലൂടെ പ്രമുഖർ ആരോപിക്കുന്നു.അമേരിക്കയിൽ 7,64,265 പേർക്കാണ് രോഗം ബാധിച്ചത്. 40,565 പേർ മരിച്ചു. ന്യൂയോർക്കിൽ മാത്രം 18,298 പേരാണ് മരിച്ചത്.