health-officials

ബംഗളൂരു: ബംഗളൂരുവിൽ കൊവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റെെൻ ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത 59 പേർ അറസ്റ്റിൽ. നഗരത്തിലെ ഹോട് സ്‌പോട്ട് വാർഡുകളിൽ ഒന്നായ പാദരായനപുരയിലെ 35ഓളം പേരെ ബി.ബി.എം.പി ഉദ്യോഗസ്ഥരെത്തി ഐസൊലേഷനിലേയ്ക്ക് മാറ്റുന്നതിനിടയിലാണ് നാട്ടുകാർ പ്രതിഷേധവും സംഘര്‍ഷമുണ്ടാക്കിയത്. വാർഡ് സീൽ ചെയ്യാൻ ഉപയോഗിച്ചിരുന്ന പൊലീസ് ബാരിക്കേഡുകളും ഇവർ തകർത്തു.

ബംഗളൂരു നഗരത്തിലെ ഹോട്സ്പോട്ടുകളിൽ ഒന്നായ പാദരായപുരയിൽ 58 പേരെയാണ് കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ഇവരെ സർക്കാർ ക്വാറന്റെെൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ഉദ്യോഗസ്ഥർ എത്തിയത്. 15 പേരെ നേരത്തെ തന്നെ മാറ്റിയിരുന്നു. എന്നാൽ മറ്റുള്ളവർ ഇതിനു തയ്യാറായില്ല.

ഇതോടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ആൾകൂട്ടം വാർഡ് സീൽ ചെയ്യാൻ ഉപയോഗിച്ചിരുന്ന പോലീസ് ബാരിക്കേഡുകളും തകർത്തു. ഒടുവിൽ പൊലീസ് എത്തിയാണ് ഇവരെ നിയന്ത്രിച്ചത്. 59 പേരെ അറസ്റ്റുചെയ്തു. അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും സ്ഥലം സന്ദർശിച്ച കർണാടക ആഭ്യന്തരമന്ത്രി ബസവരാജ്‌ ബൊമ്മെ പ്രതികരിച്ചു.