വാഷിങ്ടൺ: അമേരിക്കയിൽ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ കൂട്ടത്തോടെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് തെരുവിലിറങ്ങി. പ്രതിഷേധക്കാർക്ക് കൂട്ടായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. എന്നാൽ ലോക്ക് ഡൗൺ പിൻവലിക്കില്ലെന്ന ശക്തമായ നിലപാടുമായി ഗവർണർമാർ. ഇതോടെ ജനവും ട്രംപും ഒരുവശത്തും ഗവർണർമാർ മറുവശത്തുമായി പോരാട്ടമായി.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ദീർഘകാലം തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് ട്രംപ് പറയുന്നത്. അതിനാൽ എത്രയും വേഗം വിപണി തുറക്കണമെന്നാണ് ട്രംപിന്റെയും ആഗ്രഹം. ഇത് തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്ന് പറഞ്ഞ ട്രംപിനെതിരെ സംസ്ഥാന ഗവർണർമാർ കടുത്ത വിമർശനമുയർത്തിയതോടെ അദ്ദേഹം ഒന്നയഞ്ഞു. നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള അധികാരം ട്രംപ് ഗവർണർമാർക്ക് നൽകി.
അതേസമയം, വിപണി തുറക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന ജനങ്ങളും ഏറെയാണ്. ഇനിയും വീട്ടിലിരിക്കാനാകില്ലെന്നും സ്വാതന്ത്ര്യം വേണമെന്നും ആവശ്യപ്പെട്ടാണ് ജനം പ്രതിഷേധം തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിൽ നൂറുകണക്കിനാളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഡെമോക്രാറ്റ് ഗവർണർമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ കൂടുതൽ കടുത്തതാണെന്നും ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകണമെന്നുമാണ് ട്രംപ് പറഞ്ഞത്.
പ്രതിഷേധത്തിന് ഇറങ്ങിയവർ ആരും തന്നെ മാസ്ക് ധരിച്ചിരുന്നില്ല. പ്രതിഷേധങ്ങൾ തുടരുമ്പോഴും പല സംസ്ഥാനങ്ങളിലും ഗവർണർമാർ ലോക്ക് ഡൗൺ പിൻവലിക്കാൻ സമയമായില്ലെന്ന് ആവർത്തിച്ചു. സമ്മർദം രൂക്ഷമായതോടെ ഇളവുകൾ ആലോചിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. വാഷിംഗ്ടൺ, കൊളറാഡോ, ഡെൻവർ, മെറിലാൻഡ്, ടെക്സസ്, മിഷിഗൺ, ഇന്ത്യാന, ഉട്ടാ, ന്യൂയോർക്ക് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലാണ് ആളുകൾ പ്രതിഷേധിച്ചത്.
ജനങ്ങൾ നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നവരാണെന്നാണ് ലോക്ക് ഡൗണിനെതിരെ പ്രതിഷേധിച്ചവരെക്കുറിച്ച് ഡോണാൾഡ് ട്രംപ് പറഞ്ഞത്. ജോലിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്നും കൊവിഡ് പ്രതിരോധത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ട്രംപ് പറഞ്ഞു. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ട്രംപ് സാമ്പത്തികരംഗം തുറക്കുന്നതിന് തിരക്ക് കൂട്ടുന്നത്. ഇപ്പോൾ തന്നെ രാജ്യത്ത് 2.2 കോടിയിലധികം
ആളുകളാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഇനിയും ആളുകൾ ജോലിക്ക് പോകാതെ വീട്ടിലിരുന്നാൽ കടുത്ത പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക. അതിനാൽ എത്രയും പെട്ടെന്ന് അടച്ചുപൂട്ടൽ അവസാനിപ്പിക്കണമെന്നാണ് ട്രംപ് പറയുന്നത്. ഇതേ ആവശ്യമാണ് തെരുവിൽ പ്രതിഷേധിക്കുന്നവരും ഉന്നയിക്കുന്നത്. കൊവിഡ് വരികയാണെങ്കിലും കുഴപ്പമില്ല, പുറത്തിറങ്ങാൻ അനുവദിക്കണമെന്നാണ് അവർ പറയുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 40,565 പേരാണ് മരിച്ചത്. കൊവിഡ് ബാധിതരിൽ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയേക്കാൾ കൂടുതൽ പേരാണ് അമേരിക്കയിൽ മരിച്ചത്. ഇറ്റലിയിലെ മരണസംഖ്യ 23,660 ആണ്. അമേരിക്കയിൽ ദിനംപ്രതി 2000ലേറെ മരണമാണ്
ഉണ്ടാകുന്നത്. ആയിരക്കണക്കിനാളുകൾക്കാണ് ദിവസവും പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. 7,64,265 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്തെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിലാണ്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ രോഗബാധിതരും മരണവുമുള്ള സംസ്ഥാനമാണ് ന്യൂയോർക്ക്. ഏതാനും ദിവസങ്ങളായി മരണവും പുതിയ രോഗികളുടെ എണ്ണവും കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള സമയമായില്ലെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രു ക്യൂമോ പറയുന്നു. ന്യൂയോർക്കിൽ മേയ് 15 വരെ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. ആളുകൾ വീടുകളിൽ തന്നെ തുടരണമെന്നും നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെടരുതെന്നുമാണ് ക്യൂമോ ആവർത്തിച്ചത്. അമേരിക്കയിൽ ആദ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനമായ കാലിഫോർണിയയിലും ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. മാർച്ച് 19 മുതൽ കാലിഫോർണിയയിൽ ഒരുകോടിയിലേറെ ജനങ്ങൾ വീടുകളിലാണ്. കാലിഫോർണിയയ്ക്ക് പിന്നാലെയാണ് വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.