general

ബാലരാമപുരം: ക്രഷർ യൂണിറ്റുകൾ നിലച്ചതോടെ മരാമത്ത് നവീകരണം വീണ്ടും അവതാളത്തിൽ. ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കേണ്ട പല റോഡുകളുടെയും നിർമ്മാണം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസമാണ് മരാമത്ത് റോഡുകളുടെ നവീകരണം ഉപാധികളോടെ പുനരാരംഭിക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അസിസ്റ്റന്റ് എൻജിനീയർമാരോട് അറിയിപ്പ് നൽകിയിരിക്കുന്നത്. ക്രഷർ യൂണിറ്റുകൾ സജീവമായാൽ മാത്രമേ റോഡ് നിർമ്മാണത്തിനുള്ള മെറ്റൽ സാമഗ്രികൾ സപ്ലൈ ചെയ്യാൻ സാധിക്കുകയുള്ളൂ. നിലവിൽ മൂക്കുന്നിമല,​ പാലിയോട്,​ പെരുങ്കടവിള,​ വെള്ളറട ഭാഗത്തെ ക്രഷർ യൂണിറ്റുകൾ പൂർണ്ണമായും നിശ്ചലമാണ്. അതേസമയം പണി പൂർത്തിയായ മരാമത്ത് രോഡുകളുടെ ബില്ലുകൾ എത്രയും വേഗം പാസ്സാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കരാറുകാർ രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളായി പണിപൂർത്തീകരിച്ച റോഡുകളുടെ ബിൽതുക ഇതുവരെയും ലഭ്യമായിട്ടില്ല. ഇക്കാരണത്താൽ മരാമത്ത് റോഡുകളുടെ കരാർ വർക്കുകൾ ചെയ്തു തീർക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ ആരോപിച്ചു. മരാമത്ത് റോ‌ഡുകളുടെ മെറ്റൽ സാമഗ്രികൾ സപ്ലൈ ചെയ്യാൻ ഉപാധികളോടെ ക്വാറി മേഖലക്ക് പ്രവർത്തനാനുമതി നൽകണമെന്ന് ക്രഷർ ഉടമകളും ആവശ്യപ്പെട്ടു.

നെയ്യാറ്റിൻകര - കോവളം - കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ റോഡുകൾ നിരവധി റോഡുകളുടെ പുന:രുദ്ധാരണമാണ് കൊവിഡ് മഹാമാരിയെ തുടർന്ന് തടസ്സപ്പെട്ടിരിക്കുന്നത്. കാലവർഷം ശക്തമാകുന്നതോടെ മരാമത്ത് റോ‌ഡുകൾ കുണ്ടും കുഴിയും രൂപപ്പെട്ട് വാഹനയാത്രികർക്ക് വെല്ലുവിളിയായിമാറും. ബാലരാമപുരം – എരുത്താവൂർ റോഡിൽ തണ്ണിക്കുഴി,​ റെയിൽവെക്രോസ്,​ തേമ്പാമുട്ടം,​ ചാനൽപ്പാലം ഭാഗങ്ങളിൽ വൻ കുഴികളാണ് ഉള്ളത്. വെടിവെച്ചാൻകോവിൽ - പുന്നമൂട് റോഡിനും, പള്ളിച്ചൽ - പകലൂർ റോഡിനും 1.3 കോടി രൂപയും,​ പുന്നമൂട് – ഭഗവതിനട റോഡിന് 1.75 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അടിമലത്തുറ കുരിശ്ശടി – അമ്പലത്തിൻമൂല റോഡിന്റെ പുനരുദ്ധാരണത്തിന് 6 കോടി രൂപയും അനുവദിച്ച് കരാറുകാർക്ക് വർക്ക് കൈമാറിയിട്ടുണ്ട്,​ നബാർഡിന്റെ ധനസഹായത്തോടെ കൂട്ടപ്പന- ഓലത്താന്നി- അവണാകുഴി റോഡിന് 6.6 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. തേമ്പാമുട്ടം –റസ്സൽപ്പുരം റോഡിനും 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.