ടോക്കിയോ: ജപ്പാന്റെ കിഴക്കൻ തീരത്ത് ഭൂചലനം. ഇന്ന് രാവിലെയോടെയാണ് റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സുനാമി മുന്നറിയിപ്പില്ല. ജപ്പാന്റെ കിഴക്കൻ തീരത്ത് നിന്നും 41.7 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രം. ജപ്പാനിലെ മിയോഗി തീരത്തുനിന്നും 50 കിലോമീറ്റർ അകലെയാണിത്.ആളപായം രേഖപ്പെടുത്തിയിട്ടില്ല. പ്രാദേശിക സമയം പുലർച്ചെ 5.30 ഓടെയായിരുന്നു ഭൂചലനം. 2011ൽ മിയോഗിയ്ക്ക് 130 കിലോമീറ്റർ അകലെയുണ്ടായ വൻ ഭൂചലത്തിന് പിന്നാലെ കൂറ്റൻ സുനാമിയുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഭൂചലനത്തിലും പിന്നാലെയെത്തിയ ഭീകരമായ സുനാമിയിലും 16,000 ത്തോളം ജനങ്ങളാണ് മരിച്ചത്. ഫുകുഷിമാ ആണവനിലയത്തെയും സുനാമി തകർത്തിരുന്നു.