ന്യൂഡല്‍ഹി: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സർക്കാർ വിശദീകരണം സി.പി.എം. കേന്ദ്ര നേതൃത്വം തള്ളിയെന്ന വാര്‍ത്ത നിഷേധിച്ച് പൊളിറ്റ് ബ്യൂറോ. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും പൊളിറ്റ് ബ്യൂറോ അറിയിച്ചു.
കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കൊവിഡ് പ്രതിരോധത്തിനായി നടത്തിവരുന്നത്. അതിനിടെ ഇത്തരം തെറ്റായ വാര്‍ത്തകള്‍ വരുന്നത് പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്നും പി.ബി. പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് യാതൊരു വിശദീകരണവും ഈ പ്രസ്താവനയില്‍ ഇല്ല. സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം തള്ളിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പി.ബി. നിഷേധിച്ചിരിക്കുന്നത്. വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ദൗര്‍ഭാഗ്യകരവുമാണെന്നാണ് പാര്‍ട്ടി വിശദീകരണത്തില്‍ പറയുന്നത്.