ഭുവനേശ്വർ: ലോക്ക് ഡൗൺ ലംഘിച്ച് പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ച ഒഡീഷയിലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡുചെയ്തു. ദീപക് കുമാർ ജെനെ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. മോശം പെരുമാറ്റത്തിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്കാണ് പൊലീസ് ഉദ്യോഗസ്ഥൻ കുടുംബസമേതം ക്ഷേത്രത്തിൽ എത്തിയത്. ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ തടയാൻ ശ്രമിക്കുകയും സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരാധാനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.