hom

വെഞ്ഞാറമൂട്: പ്രതിരോധ പ്രവർത്തനങ്ങൾക്ക് മൊബൈൽ യൂണിറ്റുമായി ഹോമിയോപ്പതി. വാമനപുരം നിയോജക മണ്ഡലത്തിൽ തുടങ്ങിയ പദ്ധതി ഡി.കെ.മുരളി എം.എൽ.എ ചുള്ളാളത്ത് ഫ്ലാഗ് ഒഫ് ചെയ്തു. പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷനായിരുന്നു.തുടർന്ന് പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ സി.ഡി.എസ് ചെയർപേഴ്സൺ അശ്വതിക്ക് മരുന്നുകൾ നൽകി നിർവഹിച്ചു. ഡി.എം.ഒ ഡോ.സി. എസ് പ്രദീപ് പദ്ധതി വിശദീകരിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ.കെ.ബീന, ഡോ.മനുവർഗ്ഗീസ്, ഡോ. ഷീലാകുമാർ ആരോഗ്യ സ്റ്റാന്റിംകമ്മിറ്റി ചെയർപേഴ്സൺ പ്രീതാ മനോജ്, സി.ഡി.എസ് ചെയർപേഴ്സൺ അശ്വതി തുടങ്ങിയവർ പങ്കെടുത്തു. ഒറ്റപ്പെട്ട കോളനികളിൽ താമസിക്കുന്നവർക്ക് ചികിത്സ ലഭിക്കുന്നതിനാണ് മൊബൈൽ യൂണിറ്റ് പദ്ധതി ആരംഭിച്ചത്. ജില്ലാ ഹോമിയോപ്പതി വകുപ്പ് പട്ടികജാതി പട്ടികവർഗ്ഗ രോഗികളെ അവരുടെ കോളനികളിൽ എത്തി ചികിത്സിക്കും. ജില്ലാതലത്തിൽ 2,50,000 പേർക്ക് ഇതിനകം മരുന്നുകൾ നൽകിയതായി ഡി.എം.ഒ സി.എസ്.പ്രദീപ് പറഞ്ഞു. എല്ലാ വർഷവും മൊബൈൽ യൂണിറ്റിന് ആവർത്തന ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുല്ലമ്പാറ, പനവൂർ ,പെരിങ്ങമ്മല പഞ്ചാത്തുകളിലാണ് സഞ്ചരിക്കുന്ന യൂണിറ്റ് എത്തുക.