ബെർലിൻ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ. ജർമനിയിൽ ഇന്ന് മുതൽ കൂടുതൽ കടകൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങി. നോർവെയിൽ നഴ്സറി ക്ലാസുകൾ പുനഃരാരംഭിച്ചു. മാർച്ചു മുതൽ തന്നെ ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും ലോക്ക് ഡൗണിൽ തുടരുന്ന സാഹചര്യത്തിലാണ് ഇളവുകൾ അനുവദിച്ചിരുക്കുന്നത്. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ മൂന്നിൽ രണ്ട് ഭാഗവും യൂറോപ്യൻ ഭൂഖണ്ഡത്തിലാണ്.
കഴിഞ്ഞ രണ്ട് ആഴ്ചകളായി ഇറ്റലി, സ്പെയിൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കൊവിഡ് മരണസംഖ്യയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. കൊവിഡിനെ പൂർണമായും നിയന്ത്രണാവിധേയമാക്കാനായെന്ന് ജർമനി അറിയിച്ചിരുന്നു. തുടർന്നാണ് ചില ഭാഗങ്ങളിൽ കടകളും മറ്റും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയത്. വലിയ വ്യാപാര സ്ഥാപനങ്ങളിലും ജർമനിയിലെ തിരക്കേറിയ നഗരങ്ങളിലും സാവധാനം ഇളവുകൾ വരുത്തും. മേയ് നാലോടെ സ്കൂളുകൾ തുറക്കാനാണ് ആലോചന.
തെക്കൻ ജർമനിയിലെ സ്റ്റേറ്റായ ബവേറിയയിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നവരും കടകളിലെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും കർശനമായി മാസ്ക് ധരിക്കണം. 4,642 പേരാണ് ജർമനിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 1,54,743 പേർക്ക് രോഗം സ്ഥിരീകരിച്ചു. 91,500 പേർക്ക് രോഗം ഭേദമായി.
നോർവെയിൽ ഇന്ന് മുതൽ നഴ്സറികളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളുടെ സുരക്ഷിതത്വത്തെ പറ്റി രക്ഷകർത്താക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നഴ്സറി ക്ലാസുകൾ തുടങ്ങിയെങ്കിലും ഒരു വിഭാഗം കുട്ടികളെ സുരക്ഷ മുൻ നിറുത്തി മാതാപിതാക്കൾ സ്കൂളുകളിലേക്ക് അയയ്ക്കാൻ തയാറായില്ല. 7,103 പേർക്കാണ് നോർവെയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 165 പേരാണ് ഇതേ വരെ രാജ്യത്ത് മരിച്ചത്.
ഡെൻമാർക്കിൽ ഇന്നു മുതൽ ബ്യൂട്ടി സലൂണുകൾ, ഹെയർഡ്രസിംഗ്, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഡെന്റിസ്റ്റുകൾക്കും ഇന്ന് മുതൽ ഇളവുകളുണ്ട്. കർശനമായ നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും പാലിച്ചാണ് ഇവയുടെ പ്രവർത്തനം പുനരാരംഭിക്കുകയെന്ന് ഡെൻമാർക്ക് ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു. 7,515 പേർക്ക് രോഗബാധ സ്ഥിരീകരിച്ച ഡെൻമാർക്കിൽ 355 പേരാണ് ഇതേവരെ മരിച്ചത്.
സ്പെയിനിൽ കൊവിഡിന്റെ തീവ്രത കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗൺ മേയ് 9 വരെ നീട്ടിയിരിക്കുകയാണ്. അതേ സമയം, ഏപ്രിൽ 27 മുതൽ കുട്ടികളെ പുറത്തിറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സ്പെയിനിൽ ഇതേവരെ 20,852 പേരാണ് മരിച്ചത്. 200,210 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 399 പേരാണ് സ്പെയിനിൽ മരിച്ചത്. കഴിഞ്ഞ നാലാഴ്ചകൾക്കിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.