border

നാഗർകോവിൽ: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട് - കേരള അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരള പൊലീസ്. അതിർത്തി പ്രദേശങ്ങളായ കളിയിക്കാവിള, കാരക്കോണം എന്നിവിടങ്ങളിലാണ് പരിശോധന കർശനമാക്കിയത്. സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്ന അറിയിപ്പിനെ തുടർന്ന് ഇന്നലെ രാവിലെ ജോലിക്ക് പോകാൻ എത്തിയ തമിഴ്നാട്ടിൽ താമസിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ ഇഞ്ചിവിളയിൽ കേരള പൊലീസ് തടഞ്ഞു. അതിർത്തി കടക്കാൻ ശ്രമിക്കുന്ന ഇരുചക്ര വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇഞ്ചിവിളയിൽ നിന്ന് മടക്കി അയയ്ക്കുകയാണ്. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. സാധനങ്ങൾ കടകളിൽ ഇറക്കാൻ ലോറികളിൽ എത്തുന്ന ചുമട്ടുതൊഴിലാളികളെയും അതിർത്തിയിൽ ഇറക്കി വിടുകയാണ്. കന്യാകുമാരി ജില്ലയിൽ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളും കേരളത്തിലെ ആശുപത്രികളിലാണ് ചികിത്സ തേടുന്നത്. എന്നാൽ അതിർത്തിയിൽ രോഗികളുമായി വരുന്ന വാഹനങ്ങളെ ഇഞ്ചിവിളയിൽ കേരള പൊലീസ് തടയുന്നതായും കേരളത്തിലെ മെഡിക്കൽ സ്റ്റോറുകളിലേക്ക് മരുന്ന് വാങ്ങാൻ എത്തുന്നവരെ തിരിച്ചയയ്ക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.