aashwasippikkunna-manthri

കല്ലമ്പലം: നാലുപേർക്ക് ജീവൻ പകർന്ന് മരണത്തിന് കീഴടങ്ങിയ ശ്രീകുമാറിന്റെ കുടുംബത്തിന് ആശ്വാസം പകർന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ഒറ്റൂർ മുള്ളറംകോടുള്ള ശ്രീകുമാറിന്റെ വീട്ടിലെത്തിയ മന്ത്രി ശ്രീകുമാറിന്റെ ഭാര്യ ബേബിബിന്ദുവിനെയും മകൻ സ്വാതിനെയും ആശ്വസിപ്പിച്ചു. ബന്ധുക്കളോടൊപ്പം ഏറെ നേരം ചിലവഴിച്ച അദ്ദേഹം നാലുപേർക്ക് പുനർജന്മം നൽകാൻ കുടുംബം കാട്ടിയ നന്മയ്ക്ക് നന്ദി അറിയിച്ചു. എന്തു ബുദ്ധിമുട്ടിലും തന്നെ നേരിട്ട് വിളിക്കാമെന്ന് ബന്ധുക്കളെ ഓർമ്മിപ്പിച്ചാണ് മന്ത്രി മടങ്ങിയത്. കർഷക സംഘത്തിന്റെ സജീവ പ്രവർത്തകനും കൃഷിഭവൻ വികസനസമിതി അംഗവും മികച്ച ജൈവസമ്മിശ്ര കർഷകനുമായിരുന്നു ശ്രീകുമാർ. 9ന് കല്ലമ്പലം-വർക്കല റോഡിൽ ഞെക്കാടിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ് ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ചു. തുടർന്നാണ്‌ ബന്ധുക്കൾ ഹൃദയവും കരളും വൃക്കകളും ദാനം ചെയ്യാൻ സമ്മതമാണെന്ന് മൃതസഞ്ജീവനിയെ അറിയിച്ചത്.