പാറശാല : പാറശാല പഞ്ചായത്തിലെ പൂർണമായും തമിഴ്നാട് അതിർത്തിക്കുള്ളിലായ അയ്ങ്കാമം, വന്യക്കോട്, ഇഞ്ചിവിള വാർഡുകളിലെ ജനങ്ങൾക്ക് താത്കാലിക ആശ്വാസം . കേരളീയരായ ഇവർക്ക് അടിയന്തര ഘട്ടങ്ങളിൽ രേഖകൾ ഹാജരാക്കിയാൽ പൊലീസ് അതിർത്തി കടത്തി വിടും.
കൊവിഡിന്റെ സാഹചര്യത്തിൽ പ്രദേശങ്ങളിലെ താമസക്കാരായ 1200 കുടുംബങ്ങൾക്ക് അടിയന്തര ആവശ്യങ്ങളിൽ പോലും കേരളത്തിലേക്ക് കടക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുകൾ വിവരിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് നാട്ടുകാർ പരാതികൾ സമർപ്പിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പാറശാല ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഡിവൈ.എസ്.പി അനിൽകുമാർ, പാറശാല സി.ഐ റോബർട്ട് ജോൺ, പാറശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്ദലി, അയ്ങ്കാമം മുൻ വാർഡ് മെമ്പർ ടി.കെ. വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായുള്ള നടപടികൾക്ക് എം.എൽ.എ, ഡിവൈ.എസ്.പി എന്നിവർ ചേർന്ന് പാറശാല സി.ഐയെ ചുമതലപ്പെടുത്തുകയായിരുന്നു.