കിളിമാനൂർ: പൊതുഗതാഗതത്തിന്റെ നട്ടെല്ലായിരുന്നു സ്വകാര്യ ബസുകൾ. കൊവിഡ് വന്നു പൊതുഗതാഗതം തത്ക്കാലത്തേക്ക് നിറുത്തിയതോടെ പൊതുജനങ്ങൾക്ക് സ്വകാര്യ ബസിനെയും അതിലെ ജീവനക്കാരെയും ശരിക്കും മിസ് ചെയ്തു തുടങ്ങിയിട്ടുണ്ട്. പലരുടെയും ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ സ്വകാര്യ ബസുകൾ. ഗ്രാമ പ്രദേശങ്ങളിലേക്ക് പലയിടത്തും കെ.എസ്.ആർ.ടി സി സർവീസ് കുറവാണ്. ഇവിടെയെല്ലാം ഓടിയെത്തുന്നത് ഈ സ്വകാര്യന്മാരാണ്. രാവിലെ ഓഫീസുകളിലേക്കും, മറ്റു ജോലി സ്ഥലങ്ങളിലേക്കും സ്കൂളിലും കോളേജിലും ഒക്കെ കൃത്യ സമയത്ത് എത്തിക്കുന്നതിൽ ഇതിലെ ജീവനക്കാർക്കുള്ള പങ്ക് വളരെ വലുതാണ്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പൊതുഗതാഗതം നിലച്ചിട്ട് ഒരു മാസം പിന്നിട്ടു. ഇതിലെ ജീവനക്കാർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. ചില സന്മനസുള്ള മുതലാളിമാർ ജീവനക്കാർക്ക് അവശ്യസാധനങ്ങൾ നൽകിയിട്ടുണ്ട്. ഈ ജീവനക്കാരിൽ ഭൂരിഭാഗവും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുമാണ്. ലോക്ക് ഡൗണിനെ തുടർന്ന് ബസുകൾ ഒതുക്കിയിട്ടെങ്കിലും ഇവർ രാവിലെ എത്തി സ്റ്റാർട്ട് ചെയ്തും കഴുകിയും ഇടാറുണ്ട്. ഗ്രാമങ്ങളെ നഗരങ്ങളുമായും നഗരങ്ങളെ ഗ്രാമങ്ങളുമായി ബന്ധിപ്പിച്ചിരുന്ന സ്വകാര്യന്മാർ ഇനി എന്ന് ഓടി തുടങ്ങുമെന്നറിയാതെ വിശ്രമത്തിലാണ്. ഇതിലെ ജീവനക്കാർ ദുരിതത്തിലും.