തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്ന ഇന്നലെ,ഓറഞ്ചുസോണായ തലസ്ഥാന ജില്ലയിൽ വ്യവസ്ഥകൾ പാലിക്കാതെ
ജനം തെരുവിലിറങ്ങി. കോർപ്പറേഷൻ പരിധി ഹോട്ട് സ്‌പോട്ട് ആയിരുന്നിട്ടും സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് നഗരത്തിലേക്ക് സ്വന്തം വാഹനങ്ങളിലെത്തിയവർ തിക്കുംതിരക്കും കൂട്ടി. എം.സി റോഡ്, നഗരാതിർത്തിയായ പാപ്പനംകോട് എന്നിവിടങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ജില്ല അതിർത്തിയായ തട്ടത്തുമലയിൽ മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു. സംസ്ഥാനപാതയിൽ പേരൂർക്കട - ചെങ്കോട്ട റോഡിലും രാവിലെ മുതൽ വാഹനങ്ങൾ കാത്തുകിടന്നു. പൊലീസ് പരിശോധന ശക്തമാക്കിയതോടെ പലയിടത്തും മണിക്കൂറുകളോളം ക്യൂ നീണ്ടു. ഇളവിന്റെ മറവിൽ നഗരത്തിലും ഗ്രാമത്തിലും കടകളും മറ്റുവ്യാപാര സ്ഥാപനങ്ങളും തുറക്കുകയും ചെയ്തു. കാട്ടാക്കടയിൽ തുണിക്കടകളും, ചെരുപ്പ് കടകളും ജൂവലറികളും വരെ തുറന്നു. സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശം ലംഘിക്കപ്പെട്ടതോടെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളല്ലാത്തവ പൊലീസെത്തി അടപ്പിച്ചു.