ഉള്ളൂർ: കൊവിഡ് -19 വ്യാപനത്തിനെതിരായ പോരാട്ടങ്ങൾ അവസാനിപ്പിക്കാറായിട്ടിലെന്ന സന്ദേശമുയർത്തി എസ്.എ.ടി ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് തയാറാക്കിയ ബോധവത്കരണ പോസ്റ്റർ ശ്രദ്ധേയമായി. 'വി സ്റ്റേ ഹിയർ ഫോർ യു, പ്ലീസ് സ്റ്റേ ഹോം ഫോർ അസ്' എന്നെഴുതിയ പ്ലക്കാർഡുകളുമേന്തി ആശുപത്രി സൂപ്രണ്ടു മുതൽ സെക്യൂരിറ്റി വിഭാഗം വരെയുള്ളവർ അണിനിരന്ന് തയ്യാറാക്കിയ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ വൻ പ്രചാരം നേടിക്കഴിഞ്ഞു. രണ്ടാഴ്ചയിലധികമായി തുടരുന്ന ലോക്ക് ഡൗണിന് ജനങ്ങളുടെ ഭാഗത്തു നിന്ന് വലിയ തോതിലുള്ള സഹകരണമാണ് ലഭിക്കുന്നത്. എന്നാൽ ആശുപത്രിയിൽ ഒ.പിയിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ജനം കൂട്ടമായി എത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും പ്ലക്കാർഡുകൾ കൈയിലേന്തിയുള്ള ചിത്രം പ്രചരിപ്പിച്ചത്.