തിരുവനന്തപുരം: കടലാക്രമണം അതിരൂക്ഷമാകുന്നതിനു മുമ്പ് തീരദേശമേഖലയിലെ കടൽഭിത്തി നിർമ്മാണം പൂർത്തീകരിക്കുന്നതിനാവശ്യമായ 5.32 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.ശിവകുമാർ എം.എൽ.എ റവന്യൂ, ജലവിഭവ വകുപ്പ് മന്ത്രിമാർക്ക് കത്ത് നൽകി. വലിയതുറ പാലത്തിന് വലതുഭാഗം സെന്റ്. മേരീസ് ലൈബ്രറി മുതൽ ശംഖുമുഖം വരെ 800 മീറ്റർ കടൽഭിത്തി നിർമ്മാണത്തിനുള്ള തുക അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞയാഴ്ചയുണ്ടായ കടലാക്രമണത്തിൽ മൂന്ന് വീടുകൾ പൂർണമായും പത്തോളം വീടുകളുടെ അസ്ഥിവാരവും തകർന്നിരുന്നു. സാമ്പത്തിക പരാധീനതമൂലം തീരദേശത്തുള്ളവർ വാടക വീടുകളിൽ പോകാൻ കഴിയാതെ അപകടാവസ്ഥയിലുള്ള വീടുകളിൽ കഴിയുകയാണ്. ഇവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും വേണം. കൂടാതെ, വലിയതുറ പാലത്തിന് ഇടതുവശം മുതൽ ചെറിയതുറ പുലിമുട്ട് നിർമ്മിക്കുന്നതുവരെയുള്ള ഭാഗത്ത് കടൽഭിത്തി നിർമ്മിക്കുന്നതിന് തുക അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.