cm

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ നടത്തുന്ന വാർത്താസമ്മേളനം പൊങ്ങച്ചം പറയാൻ ഉപയോഗിച്ചിട്ടില്ലെന്ന ആമുഖത്തോടെയാണ് കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമ പ്രവർത്തകരെ കണ്ടത്. പിന്നാലെ ജനുവരി 30ന് സംസ്ഥാനത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മുതൽ ഇന്നലെവരെയുള്ള പ്രവർത്തനങ്ങൾ ഓരോന്നും മുഖ്യമന്ത്രി അക്കമിട്ടു നിരത്തി. രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ചതും രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുമായിരുന്ന സംസ്ഥാനമായിരുന്നു കേരളം.

എന്നാൽ കൊവിഡ് ബാധിച്ച വൃദ്ധരെപ്പോലും രക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. കേരളത്തിന്റെ ചികിത്സാസംവിധാനങ്ങളുടെ മേന്മയും കരുത്തും കൊവിഡ് മുക്തരായി മടങ്ങിയ എട്ട് വിദേശികൾ മറയില്ലാതെ പറഞ്ഞു. ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കും കൂടുതൽ രോഗമുക്തിയും നമുക്ക് സാദ്ധ്യമായത് ഇന്ദ്രജാലത്തിലൂടെയല്ല കൂട്ടായ പരിശ്രമത്തിലൂടെയാണ്. ഐക്യത്തിന്റെയും ഒരുമയുടെയും ഫലമാണ്. അതുകൊണ്ടാണ് കേരളം ലോകവ്യാപകമായി അഭിന്ദിക്കപ്പെടുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ കേരളത്തിന് നൽകിയ പ്രശംസ ജീവൻപണയം വച്ച് രാപ്പകൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ളതാണ്. ഐ.സി.യു യൂണിറ്റിലെ പരിചാരകരും ഭക്ഷ്യവസ്തുക്കൾ ലോറിയിൽ കയറ്റുന്നവരും ശുചീകരണത്തൊഴിലാളികളും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന വലിയൊരു സൈന്യമാണ് കൊവിഡിനെതിരായ യുദ്ധമുഖത്തുള്ളത്. ഏത് പ്രതിസന്ധിയെയും മറികടക്കാൻ നമുക്ക് മറ്റൊന്നും തടസമല്ലെന്നും ഇതിലൂടെ തെളിയിക്കപ്പെട്ടു. അതിന്റെ ഫലമാണ് ശ്വാസം വിടാമല്ലോ എന്ന തോന്നലിലേക്ക് എത്തിച്ചത്. എന്നാൽ ശ്വാസംവിടാനുള്ള സമയമല്ലിതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കാസർകോടിനെ ഈ ഘട്ടത്തിൽ ഓർമിക്കണം. കാസർകോട് ഇപ്പോൾ ആശ്വാസത്തിന്റെ വക്കിലാണ്. രോഗം ബാധിച്ച 169 പേരിൽ 142 പേ‌ർ രോഗമുക്തരായി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് ജില്ലയ്ക്ക് ലോകം അംഗീകരിക്കുന്ന മാതൃകയാകാൻ കഴിഞ്ഞത്. ജനങ്ങൾ വലിയ പ്രയാസങ്ങൾ അനുഭവിച്ചു. അത് നാടിന്റെ പൊതുവായ നന്മയ്ക്ക് വേണ്ടിയായിരുന്നുവെന്ന് ആശ്വാസിക്കാം. കണ്ണൂരിൽ കടുത്ത നിയന്ത്രണത്തിലേക്ക് സർക്കാർ പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.

അപകടസൂചന വ്യക്തം

വരാനിരിക്കുന്ന നാളുകളിലെ അപകട സൂചന മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന് പുറത്തുനിന്ന് ശുഭകരമല്ലാത്ത വാർത്തകളാണ് വരുന്നത്. ഡൽഹിയിലും മുംബയിലും നഴ്സുമാർ ഉൾപ്പെടെ കൂട്ടത്തോടെ രോഗം ബാധിച്ച് വിഷമിക്കുന്നു. പല സംസ്ഥാനങ്ങളിലും രോഗബാധിതർ അനിയന്ത്രിതമായി വർദ്ധിക്കുന്നു. വിമാനസർവീസ് പുനരാംഭിച്ചാൽ ലക്ഷക്കണത്തിന് പ്രവാസികൾ നാട്ടിലെത്തും. അയൽ സംസ്ഥാനങ്ങളിൽ കഴിയുന്ന കേരളീയരും ഇവിടേക്ക് എത്തും. നിതാന്തജാഗ്രതയും കണ്ണിമവെട്ടത്താത്ത ശ്രദ്ധയും വേണ്ട സമയത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നേരിയ അശ്രദ്ധപോലും അപകടത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് സമൂഹത്തിന് വേണമെന്നും അദ്ദേഹം പറഞ്ഞു.