lock-down

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച ഹോട്ട് സ്‌പോട്ടുകളിൽ നഗരസഭയും ഉൾപ്പെട്ടതോടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പഴയപടി തുടരും. നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.ഇന്നലെ വിലക്ക് ലംഘനം നടത്തിയതിന് 118 പേർക്കെതിരെ കേസെടുത്തു.93 വാഹനങ്ങളും പിടിച്ചെടുത്തു.എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം 99 പേർക്കെതിരെയും അനാവശ്യയാത്ര ചെയ്തതിന് 19 പേർക്കെതിരെയുമാണ് കേസെടുത്തത്. എപ്പിഡെമിക് ഡിസീസസ് നിയമപ്രകാരം കേസുകളെടുത്തതിൽ കൂടുതൽ കേസുകൾ പേട്ട,മെഡിക്കൽ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിലാണ്.

ശ്രദ്ധിക്കാൻ

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ

അവശ്യവസ്തുക്കളും മരുന്നും വാങ്ങുന്നതിനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ

മെഡിക്കൽ ഷോപ്പുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ പ്രവർത്തിക്കാവൂ

സിറ്റിയുടെ അതിർത്തി പൂർണമായും അടച്ചു കൊണ്ടുള്ള പരിശോധന തുടരും

നഗരാതിർത്തിയിൽ നിന്ന് ആറു സ്ഥലങ്ങളിലൂടെ മാത്രമേ സിറ്റിയിലേക്ക് പ്രവേശിക്കാനും തിരികെ പോകാനും കഴിയൂ

മരണം, അത്യാവശ്യ ആശുപത്രി സേവനങ്ങൾക്കും മാത്രമേ മറ്റു ജില്ലകളിലേക്കുള്ള പാസ് അനുവദിക്കുകയുള്ളൂ

നഗരത്തിൽ കൂടുതൽ ചെക്കിംഗ് പോയിന്റുകൾ ഉണ്ടാകും

അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ

മണ്ണന്തല സ്റ്റേഷൻ പരിധിയിലെ മരുതൂർ,കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ വെട്ടുറോഡ് പേരൂർക്കട സ്റ്റേഷൻ പരിധിയിലെ വഴയില, പൂജപ്പുര സ്റ്റേഷൻ പരിധിയിലെ കുണ്ടമൺകടവ്, നേമം സ്റ്റേഷൻ പരിധിയിലെ പ്രാവച്ചമ്പലം, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോല.