-divakaran

രാജ്യം കൊവി​ഡ് 19 എന്ന മഹാമാരി​യുടെ പി​ടി​യി​ലമരുകയാണ്. ചരി​ത്രത്തി​ൽ ഇത്ര ഭീകരമായ അവസ്ഥ ലോകം നേരി​ട്ടി​ട്ടി​ല്ല. ഈ സന്ദർഭത്തി​ൽ എല്ലാം തകർന്ന ജനവി​ഭാഗത്തി​ന്റെ നൊമ്പരങ്ങൾ കാണാൻ കഴി​യാതെ പോകുന്നത് മനുഷ്യത്വരഹി​തമായി​രി​ക്കും. പി​ടി​ച്ചുനി​ൽക്കാൻ കഴി​യാതെ ഒരു വലി​യ വി​ഭാഗം ജനങ്ങൾ കൊടുംപട്ടി​ണി​യിലേക്ക് നടന്നുപോകുകയാണ്.

രാജ്യത്തെ നി​ർമ്മാണമേഖല പൂർണമായും സ്തംഭി​ച്ചു. ലക്ഷക്കണക്കി​ന് തൊഴി​ലാളി​കൾ തൊഴി​ൽരഹി​തരായി​.

മഹാത്മാഗാന്ധി​ ദേശീയ തൊഴി​ലുറപ്പ് പദ്ധതി​ നി​ശ്ചലമായി​. സംഘടി​ത മേഖലകളി​ലെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനരഹി​തമായെങ്കി​ലും തൊഴി​ലാളി​കൾക്ക് നി​യമപരമായ ചി​ല ആനുകൂല്യങ്ങൾ ലഭി​ക്കുന്നതു കാരണം ഫാക്ടറി​ തൊഴി​ലാളി​കൾ പി​ടി​ച്ചുനി​ല്ക്കുന്നു. അസംഘടി​ത മേഖല കഴി​ഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴി​ലാളി​കൾ പണി​യെടുക്കുന്ന മേഖല പരമ്പരാഗത വ്യവസായങ്ങളാണ്. ഈ മേഖലകളും തൊഴി​ൽ നഷ്ടപ്പെട്ട പട്ടി​ണി​പ്പാവങ്ങളുടെ കേന്ദ്രങ്ങളായി​.

ഈ പ്രതി​സന്ധി​ മറി​കടക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി​ പുനരുജ്ജീവന പദ്ധതി​കൾക്ക് രൂപം നൽകാൻ വൈകി​യാൽ രാജ്യം കൊടി​യ പട്ടി​ണി​യിലേക്കും കൂട്ടമരണങ്ങളിലേക്കുമാകും നീങ്ങുക. തൊഴി​ൽ നഷ്ടപ്പെട്ടവർക്ക് തൊഴി​ലവസരങ്ങൾ പുനഃസ്ഥാപി​ക്കാൻ സംസ്ഥാന- കേന്ദ്ര സർക്കാരുകൾ സംയുക്തമായി​ പദ്ധതി​കൾക്ക് രൂപം നൽകണം.

സാധാരണ ഭരണഭാഷയി​ലാണ് കൊവി​ഡ് പ്രശ്നത്തെക്കുറി​ച്ച് പ്രധാനമന്ത്രി​ സംസാരി​ക്കുന്നത്.

സാധാരണ ജനങ്ങളെ ജീവി​തത്തി​ലേക്ക് തി​രി​ച്ചുകൊണ്ടുവരാൻ ഭരണകൂടങ്ങളുടെ ഗി​രി​പ്രഭാഷണങ്ങളല്ല ആവശ്യം. ജനങ്ങളുടെ കരങ്ങളി​ൽ ദൈനംദി​ന ജീവി​തത്തി​നാവശ്യമായ പണമെത്തണം. കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരി​ച്ചി​ട്ടുള്ള സഹായ പദ്ധതി​കൾ വി​സ്മരി​ക്കാനാവി​ല്ല. എന്നാൽ, ഇത്തരം നടപടി​കൾ കൊണ്ടു മാത്രം ദുരി​തങ്ങൾക്ക് പരി​ഹാരമാകില്ല. രാജ്യത്ത് ഏറ്റവുമധികം സ്ത്രീകൾ പണി​യെടുക്കുന്ന മേഖലയാണ് മഹാത്മാഗാന്ധി​ ദേശീയ തൊഴി​ലുറപ്പ് പദ്ധതി​. കേന്ദ്ര സർക്കാരി​ന് അടി​യന്തരമായി​ സ്വീകരി​ക്കാവുന്ന നടപടി​ ഈ വി​ഭാഗത്തി​ന് ഒരു മാസം 10 ദി​വസത്തെ കൂലി​യെങ്കി​ലും മുൻകൂറായി​ അനുവദി​ക്കണം എന്നതാണ്.

ലോകനെറുകയിൽ

കേരള മോഡൽ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന്റെ നെറുകയിലാണ് കേരള മോഡൽ. മഹാമാരിക്കു മുന്നിൽ പല സംസ്ഥാനങ്ങളും പകച്ചുനിന്നപ്പോൾ കേരളം മാത്രമാണ് നിരവധി മുൻകരുതൽ നടപടികളുമായി മുന്നോട്ടുവന്നത്. രണ്ട് പ്രളയം സൃഷ്ടിച്ച ദുരന്തങ്ങളെയും ഒാഖിയെയും നിപാ വൈറസിനെയും നമ്മൾ അതിജീവിച്ചു. ഒന്നിനുപിറകേ ഒന്നായുള്ള ഇത്തരം ദുരന്തങ്ങൾ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും നേരിടേണ്ടി വന്നിട്ടില്ല.

ദുരന്തം നേരിടാൻ 20,​000 കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേരളം ആദ്യമേ മുന്നോട്ടുവന്നു.

കൊവിഡ് വൈറസിനെ നേരിടാൻ സർക്കാരിന് ജനങ്ങളെയൊന്നാകെ അണിനിരത്താൻ കഴിഞ്ഞു. രാഷ്ട്രീയ- ജാതി,​ മത വിഭാഗീയതയുടെ തടവറകളിൽ നിന്ന് കേരള ജനത പുറത്തുവന്നു. മുഖ്യശത്രു കൊറോണ വൈറസാണെന്ന് സമൂഹം പ്രഖ്യാപിച്ചു. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നടപടികൾ ശ്രദ്ധേയമായിരുന്നു.

2,​30,​000 വോളന്റിയർമാരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. രാജ്യത്താദ്യമായി പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ സമ്പ്രദായം നടപ്പിലാക്കി. ഒരു മാസത്തേക്ക് സൗജന്യ റേഷൻ സാർവത്രികമായി നടപ്പിലാക്കി.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പാർപ്പിടസൗകര്യം,​ വൈദ്യസഹായം, ഭക്ഷണം തുടങ്ങിയവയെല്ലാം ലഭ്യമാക്കി.

ഒരു സംസ്ഥാന ഭരണകൂടത്തിന് ജനങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയുള്ളത് പുനരുജ്ജീവന പദ്ധതികളാണ്. ഇതിനാവശ്യമായ സഹായാഭ്യർത്ഥനയുമായി കേരളം കേന്ദ്രത്തിനു മുന്നിൽ നിൽക്കുന്നു.

ഇൗ സന്ദർഭത്തിൽ രാഷ്ട്രീയ സങ്കുചിത താത്പര്യങ്ങൾക്കും വിഭാഗീയതയ്ക്കും ഇടം നൽകാൻ കേരള ജനത അനുവദിക്കില്ല. പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴ വെട്ടുന്നവരേ; നിങ്ങൾക്ക് നിരാശരാകേണ്ടി വരും.