തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് മൂന്ന് വരെ ദിവസവുമുള്ള വാർത്താസമ്മേളനം മുഖ്യമന്ത്രി തുടരും. ഇന്നലെ അവലോകനയോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യമറിയിച്ചത്. മൂന്ന് ദിവസം അവലോകന യോഗവും വാർത്താസമ്മേളനവുമില്ലാതിരുന്നത് ഭരണതലത്തിൽ തീരുമാനമെടുക്കുന്നതിൽ ആശയക്കുഴപ്പത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. വാർത്താസമ്മേളനം നിറുത്തിയതിനാൽ കേരളത്തിലെ കാര്യങ്ങളറിയാനാവുന്നില്ലെന്ന് വിദേശത്ത് നിന്നടക്കം പലരും വിളിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനം ഇനി ഇടയ്ക്കിടയ്ക്കേ ഉള്ളൂ എന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ ഒഴിഞ്ഞുമാറലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.