ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഏകാധിപതിയായ കിം ജോംഗ് ഉന്നിനെ പറ്റി എല്ലാവർക്കും വളരെ കുറച്ച് മാത്രം അറിവേ ഉള്ളു. കൂടുതലും അഭ്യൂഹങ്ങളാണ്. കിമ്മിന്റെ സ്വകാര്യ ജീവിതത്തെ പറ്റിയാണ് പുറംലോകത്തിന് ശരിക്കും അറിയാത്തത്. സ്വന്തം അമ്മാവനെയും സൈനിക തലവൻമാരെയുമൊക്കെ നിഷ്ഠൂരം വധിക്കുന്ന കിം എന്നും ലോകത്തിന് മുന്നിൽ ഒരു വിചിത്രമനുഷ്യനാണ്. പല രാജ്യങ്ങളുടെയും ഭീതി സ്വപ്നമായ കിം മിക്ക ഫോട്ടോകളിലും ചിരിക്കുന്നത് കാണാം. ഈ ചിരിയ്ക്ക് പോലും നിരീക്ഷകർ പല വ്യാഖാനങ്ങളാണ് നൽകുന്നത്. കിമ്മിന്റെ ഹെയർസ്റ്റൈൽ തന്നെ വ്യത്യസ്ഥമാണ്. ബാർബർമാരെ കിമ്മിന് വിശ്വാസമില്ലെന്നും അതുകൊണ്ട് തലമുടി കിം സ്വന്തമായാണ് വെട്ടുന്നതെന്നും ചിലർ പറയുന്നുണ്ട്. ശരിക്കും ആരാണ് കിം ? ഉത്തര കൊറിയയുടെ പരമോന്നത നേതാവ് എന്നതിലുപരി ലോകത്തിന് ഇപ്പോഴും ചുരുൾ നിവർത്താനാകാത്ത ഒരു നിഗൂഡ മനുഷ്യനാണ് കിം. കിമ്മിനെ പറ്റിയുള്ള ചില രസകരമായ കാര്യങ്ങളിലൂടെ....
ഉത്തര കൊറിയക്കാരുടെ ദൈവമാണ് മുൻ പരമോന്നത ഭരണാധികാരിയും കിംഗ് ജോംഗ് ഉന്നിന്റെ പിതാവുമായിരുന്ന കിം ജോംഗ് ഇൽ. 2011 ഡിസംബർ 17ന് ഇൽ മരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മകനായ കിം ജോംഗ് ഉൻ വർക്കേഴ്സ്പാർട്ടി ഒഫ് കൊറിയയുടെയും രാജ്യത്തിന്റെയും സൈന്യത്തിന്റെയും ഏകാധിപതിയായി നിയമിക്കപ്പെട്ടു. ഉത്തരകൊറിയയുടെ പിതാവെന്നറിയപ്പെടുന്ന കിം ഇൽ സൂംഗ്, കിം ജോംഗ് ഉന്നിന്റെ മുത്തച്ഛനാണ്.
കിം ജോംഗ് ഇല്ലിന്റെയും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായ കോ യംഗ് ഹ്യൂയിയുടെയും മൂന്ന് മകളിൽ ഇളയമകനായ കിം പൊതുവെ അന്തർമുഖനും ഒറ്റപ്പെട്ട് നടക്കുന്നയാളുമായിരുന്നു. ഇയാളെ പറ്റി ലോകത്തിന് അറിയാവുന്ന കാര്യങ്ങൾ ഇതൊക്കെ മാത്രമാണ്. പിതാവിന്റെ അതേ ഛായയാണ് കിംഗ് ജോംഗ് ഉന്നിനുള്ളത്. ഈ സാമ്യതയാണ് അദ്ദേഹത്തെ ഉത്തരകൊറിയയുടെ അനന്തരാവകാശിയാക്കിയതെന്ന് ചിലർ പറയുന്നു.
റി - സോൽ ജു വാണ് കിമ്മിന്റെ ഭാര്യ എന്ന് പറയപ്പെടുന്നു. ഇവർ 2012ലാണ് വിവാഹം കഴിച്ചത്. കിമ്മിന്റെ സ്വകാര്യജീവിതത്തെ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്തറിയില്ല. ഇവർ എന്നാണ് വിവാഹിതരായതെന്ന് കൃത്യമായി അറിയില്ല. 2009ലായിരുന്നുവെന്ന് ചില പ്രാദേശിക ദിനപത്രങ്ങൾ പറയുന്നുണ്ട്. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ടെന്നും പറയപ്പെടുന്നു.
കിം ജനിച്ച വർഷം ഇന്നും ആർക്കും കൃത്യമായി അറിയില്ല. 1982 ജനുവരി 8 അല്ലെങ്കിൽ ജൂലായ് 6 എന്നൊക്കെ പറഞ്ഞു കേൾക്കുന്നു. എന്നാൽ ഇതൊന്നുമല്ല, 1984ലാണ് കിം ജനിച്ചതെന്നും വാദമുണ്ട്. ചില ഔദ്യോഗിക രേഖകളിൽ 1982ലാണ് കിം ജനിച്ചതെന്ന് പറയുന്നുണ്ട്. എന്നാൽ 1984ലാണ് കിം ജനിച്ചതെന്ന് സൗത്ത് കൊറിയൻ ഇന്റലിജൻസ് ഏജൻസി ചൂണ്ടിക്കാട്ടുന്നു.
തന്റെ കുട്ടിക്കാലത്തെ ഫോട്ടോകൾ പുറത്തുവിടുന്നത് കിമ്മിന് ഇഷ്ടമല്ല. എന്നാൽ 2014ൽ ഉത്തര കൊറിയയിൽ ഒരു സൈനിക പരിപാടിയ്ക്കിടെ വലിയ സ്ക്രീനിൽ ഉത്തര കൊറിയൻ നേതാവിന്റെ കുട്ടിക്കാലത്തേതെന്ന് പറയപ്പെടുന്ന ഒരു ഫോട്ടോ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഇത് കിമ്മിന്റേത് തന്നെയാണോ എന്ന് ആർക്കും അറിയില്ല.
സ്വിറ്റ്സർലൻഡിൽ ബേണിന് സമീപം പ്രസിദ്ധമായ ഒരു സ്കൂളിൽ കിം പഠിച്ചതായും പറയപ്പെടുന്നു. 1998 മുതൽ 2000 വരെ ഒരു ഉത്തരകൊറിയൻ വിദ്യാർത്ഥി ഇവിടെയുണ്ടായിരുന്നു. ഈ വിദ്യാർത്ഥിയുടെ യഥാർത്ഥ പേര് അജ്ഞാതമാണ്. ഉത്തരകൊറിയൻ എംബസി അംഗമായാണ് ഈ വിദ്യാർത്ഥിയെ സ്കൂളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വിദ്യാർത്ഥി കിം ആണെന്ന് ചിലർ വാദിക്കുന്നുണ്ട്. സ്കൂളിലെ ഗ്രൂപ്പ് ഫോട്ടോകളിൽ നിന്നും കിം തന്നെയാണോ ആ വിദ്യാർത്ഥി എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. സഹപാഠികൾ പറയുന്നത് അത് കിം തന്നെയായിരുന്നുവെന്നാണ്. ഫലിതപ്രിയനായിരുന്ന അയാൾ പഠിക്കാനത്ര മിടുക്കനല്ലായിരുന്നു. രാഷ്ട്രിയത്തേക്കാൾ സ്പോർട്സിനോടായിരുന്നു അയാൾക്ക് അന്ന് ഇഷ്ടം കൂടുതലെന്നും സ്വിറ്റ്സർലൻഡിലെ സ്കൂളിൽ പഠിച്ച മറ്റ് കുട്ടികൾ പറയുന്നു. ശരിക്കും കിം തന്നെയായിരുന്നോ അത് ? ആർക്കുമറിയില്ല.
കിമ്മിന് ബാസ്കറ്റ്ബോളിനോട് ഒരു പ്രത്യേക കമ്പമാണത്രെ. 2013ൽ അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം ഡെന്നീസ് റോഡ്മാനും കിമ്മും കിമ്മിന്റെ സ്വകാര്യദ്വീപിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് പേരും വ്യത്യസ്ഥ സ്വഭാവക്കാർ ആയിരുന്നെങ്കിലും ഇരുവരും തമ്മിൽ ഒരു സുഹൃത്ത് ബന്ധം ഉടലെടുത്തെന്ന് പറയപ്പെടുന്നു. കിം ഒരുപക്ഷേ, ഒരു സൈക്കോപാത്തായിരിക്കാം, പക്ഷേ താനത് ശ്രദ്ധിക്കുന്നില്ലെന്ന് ഡെന്നീസ് പറഞ്ഞിരുന്നു. അമേരിക്കൻ താരം മൈക്കൽ ജോർദ്ദാൻ കിമ്മിന് ഏറ്റവും പ്രിയപ്പെട്ട ബാസ്ക്കറ്റ് ബോൾ താരമായിരുന്നെന്നും ജോർദ്ദാന്റെ ചിത്രം കിം വരയ്ക്കുമായിരുന്നുവെന്നും പറയപ്പെടുന്നു.