ജനീവ: കൊവിഡ് തടയുന്നതിൽ ലോകാരോഗ്യസംഘടന പരാജയമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിന് മറുപടിയുമായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം. അമേരിക്ക ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ അദ്ദേഹം കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കയിൽ നിന്നും മറച്ചുവച്ചിട്ടില്ലെന്നും വ്യക്തമാക്കി. വൈറസ് റിപ്പോർട്ട് ചെയ്ത് ആദ്യ ദിവസം മുതൽ ലോകാരോഗ്യ സംഘടന അമേരിക്കയ്ക്കും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഈ വൈറസ് അപകടകാരിയാണെന്നും എല്ലാവരും അതിനെതിരെ പോരാടണമെന്നും ആദ്യ ദിവസം മുതൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്ക് രഹസ്യങ്ങളില്ല. ആരെയും പ്രത്യേകമായി സഹായിക്കുന്നുമില്ല-അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ലോകാരോഗ്യസംഘടനയുടെ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായെന്നും നടപടികൾ ഫലപ്രദമായിരുന്നില്ലെന്നും മുന്നറിയിപ്പ് നൽകിയില്ലെന്നും ട്രംപ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയ്ക്ക് ഫണ്ട് നൽകുന്നത് നിറുത്തിവയ്ക്കാൻ തീരുമാനിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ചൈനയോട് ലോകാരോഗ്യ സംഘടയ്ക്ക് അടുപ്പം കൂടുതലാണെന്നും ട്രംപ് പറഞ്ഞിരുന്നു. എറ്റവുംകൂടുതൽ ഫണ്ട് നൽകുന്നത് അമേരിക്കയാണ്.