po

കണ്ണൂർ: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ മുന്നറിയിപ്പുമായി കണ്ണൂർ പൊലീസ്. ജില്ലയിൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയാണെന്നും ഇവരെല്ലാം അറസ്റ്റിലാകുമെന്നും ഉത്തരമേഖല ഐ ജി അശോക് യാദവാണ് മുന്നറിയിപ്പ് നൽകിയത്.

ജില്ലയിൽ കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സ്ഥിതി അതീവ ഗുരുതരമാണ്. ജില്ലാ അതിർത്തി സീൽ ചെയ്തു. ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് സംവിധാനത്തിൽ മൂന്ന് എസ്‍പി മാരുടെ കീഴിൽ കർശന പരിശോധന നടത്തുമെന്നും ഐ ജി വ്യക്തമാക്കി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും. അത്യാവശ മരുന്നുകൾ ആവശ്യമുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.


ജില്ലയിൽ വിദേശത്ത് നിന്നെത്തിയ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തി ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ 29 ദിവസം പിന്നിട്ടവർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.