റിയാദ്: സൗദിയിൽ കുടുങ്ങിയ വിദേശികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനായി സൗദി എയർലൈൻസ് പ്രത്യേക വിമാന സർവീസ് തുടങ്ങി. ജിദ്ദയിൽ നിന്നും ഫിലിപ്പൈൻസിലെ മനിലയിലേക്കാണ് ആദ്യ വിമാനം പറന്നത്. തിരിച്ചു യാത്രക്കാരെ കൊണ്ടു വരില്ല. ഒരു വശത്തേക്ക് മാത്രമാണ് സർവീസ്. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പദ്ധതി പ്രകാരമാണിത്. സൗദിയിൽ തൊഴിൽ കരാറുകൾ അവസാനിച്ചും ഫൈനൽ എക്സിറ്റ് നേടിയും നാട്ടിൽ പോകാനാകാതെ കുടുങ്ങിയവർക്ക് മടങ്ങാനായി സൗദി അറേബ്യ പ്രഖ്യാപിച്ച പ്രത്യേക യാത്രാ സൗകര്യമാണിത്.
ഇന്ത്യയിലേക്ക് മേയ് ആദ്യവാരത്തിൽ ഈ രീതിയിൽ വിമാന സർവീസുണ്ടാകും. എന്നാൽ വിമാനമിറങ്ങാൻ ഇന്ത്യ അനുവദിച്ചാൽ മാത്രമേ സർവീസ് നടത്തുകയുള്ളൂ. ഓരോ തൊഴിലാളിയുടേയും കമ്പനിയാണ് ഇതിനുള്ള അപേക്ഷ മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് സമർപ്പിക്കേണ്ടത്. എല്ലാ രാജ്യങ്ങളിലേക്കും യാത്രാ സൗകര്യം ഒരുക്കും. ഫൈനൽ എക്സിറ്റ് ലഭിച്ചവർക്കും നൽകാൻ ഉദ്ദേശിക്കുന്നവരെയും കമ്പനികൾക്ക് ഇതുവഴി നാട്ടിലേക്കയക്കാം.