lock-down-

തിരുവനന്തപുരം : ലോക്ക് ഡൗൺ നിർദേശങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് ഇന്നലെ ജനം കൂട്ടമായിറോഡിൽ ഇറങ്ങിയ തലസ്ഥാന നഗരിയിൽ അനാവശ്യയാത്രക്കാരെ നിയന്ത്രിക്കാൻ പൊലീസ് പരിശോധന കർശനമാക്കി. ഹോട്ട് സ്പോട്ടെന്ന നിലയിൽ ലോക്ക് ഡൗൺ നിർദേശങ്ങളും നടപടികളും കർശനമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളും പൊലീസ് അടച്ചു. സർക്കാർ ഓഫീസുകളിലേക്ക് പോകുന്നവരെയും ആശുപത്രി , മരണം തുടങ്ങി ഒഴിവാക്കാനാകാത്ത ആവശ്യങ്ങളുമായി എത്തുന്നവരെയും മാത്രമാണ് ഇന്ന് യാത്ര ചെയ്യാൻ അനുവദിക്കുന്നത്.

അനാവശ്യമായി പുറത്തിറങ്ങുന്നവരെ വാഹനങ്ങൾ സഹിതം കസ്റ്റഡിയിലെടുക്കാൻ കമ്മിഷണർ നിർദേശിച്ചതോടെ നഗരത്തിൽ ഇന്ന് വാഹനത്തിരക്ക് കുറഞ്ഞു. ഇരട്ടഅക്ക വാഹനങ്ങൾക്കാണ് ഇന്ന് പുറത്തിറങ്ങാൻ അനുമതി നൽകിയതെങ്കിലും അത്തരം വാഹനങ്ങളിൽ വരുന്നവരെയും പൊലീസ് പരിശോധിക്കുന്നുണ്ട്.. അനാവശ്യമായിചുറ്റിക്കറങ്ങാൻ ആരെയും അനുവദിക്കരുതെന്ന ഡിജിപിയുടെ നിർദേശത്തെ തുടർന്നാണിത്. നഗരത്തിലേക്ക് പ്രവേശിക്കുന്ന അതിർത്തികൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലായി അമ്പതോളം കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ കർശനമായ പരിശോധനയാണ് നടന്നുവരുന്നത്. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങിയ മുപ്പതോളം പേർ വിവിധ ഭാഗങ്ങളിലായി ഇതിനോടകം പൊലീസിന്റെ പിടിയിലായി.

ലോക്ക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിച്ച കടകളും സ്ഥാപനങ്ങളും ഇന്നും പതിവുപോലെ തുറന്നിട്ടുണ്ട്. ഇന്നലെ യാത്രക്കാരുടെ തിരക്ക് മൂലം ഗതാഗത കുരുക്കിലായ പാപ്പനംകോട്, നേമം, കുണ്ടമൺകടവ് , കിള്ളിപ്പാലം, കരമന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്ന് തിരക്ക് നന്നേ കുറവാണ്. മെഡിക്കൽ കോളേജ്, ആർ.സി.സി തുടങ്ങിയ ആശുപത്രികളിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങളും അത്യാവശ്യയാത്രക്കാരുമാണ് മിക്ക സ്ഥലങ്ങളിലും നിരത്തുകളിലുള്ളത്. ലോക്ക് ഡൗൺ നടപ്പായശേഷം കഴിഞ്ഞ ഒരുമാസത്തിലേറെയായി വീടുകളിൽ കഴിഞ്ഞ ആളുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്നലെ കൂട്ടത്തോടെ നഗരത്തിലേക്ക് എത്തിയതാണ് തിരക്ക് കൂടാൻ ഇടയാക്കിയത്. ജില്ലയ്ക്ക് പുറത്ത് നിന്നും തമിഴ്നാട് ഭാഗത്ത് നിന്നും ആളുകൾ അനാവശ്യമായി കടന്നുവരുന്നത് തടയാൻ ജില്ലാ സംസ്ഥാന അതിർത്തികൾ അടച്ച് പൊലീസും ആരോഗ്യവകുപ്പും ഇന്ന് മുതൽ പരിശോധനകൾ കർശനമാക്കി കഴിഞ്ഞു.