ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ തിരുത്തി ഉത്തരവിറക്കി. തണ്ണീർമുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകൾ ഹോട്ട്സ്പോട്ട് ആക്കിയാണ് പുതിയ ഉത്തരവിറങ്ങിയത്. ഇവിടങ്ങളിൽ പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ചെങ്ങന്നൂർ നഗരസഭയും മുഹമ്മ പഞ്ചായത്തും നേരത്തെ ലിസ്റ്റിലുണ്ടായിരുന്നു. ഈ പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളില്‍ നിന്ന് ഒഴിവാക്കി.
ഓറഞ്ച് ബി വിഭാഗത്തിൽപ്പെട്ട ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസം മിക്ക കടകളും തുറന്നിരുന്നു. സ്വകാര്യ വാഹനങ്ങൾ കൂടുതലായി നിരത്തിലറങ്ങി. അതേസമയം, പ്രധാന മാർക്കറ്റുകളിൽ ജനത്തിരക്ക് കുറവായിരുന്നു. എന്നാല്‍ പൊലീസ് നടപടി കര്‍ശനമാക്കിയതോടെ ഇന്ന് വാഹനങ്ങള്‍ കുറവുണ്ട്.
ആലപ്പുഴയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് കൊവിഡ് ബാധിതരുടെയും മൂന്നാം ഫലവും നെഗറ്റീവ് ആയതോടെ ആലപ്പുഴ ജില്ല കൊവിഡ് മുക്തമായിട്ടുണ്ട്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് രോഗം ബാധിച്ച ചെങ്ങന്നൂർ സ്വദേശികളാണ് ഇന്നലെ ആശുപത്രി വിട്ടത്. നിലവിൽ ആശുപത്രിയിലും വീടുകളിലുമായി 2973 പേർ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.