പാലക്കാട്: പാലക്കാട് നഗരത്തെ ഹോട്ട്‍സ്‍പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ നഗരത്തിലേക്കുള്ള വഴികൾ തുറന്നു.കാഞ്ഞിരപ്പുഴ,തിരുമിറ്റക്കോഡ്,കൊട്ടോപ്പാടം, കാരാക്കുരുശി പഞ്ചായത്തുകളാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇന്നലെ നിരവധിവാഹനങ്ങളാണ് നഗരത്തിലേക്ക് എത്തിയത്. ഇതോടെ അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിക്കുകയായിരുന്നു. നഗരത്തിനകത്തേക്ക് കയറാനും പുറത്തേക്ക് പോകാനും ഒരോവഴികൾ മാത്രമാണ് തുറന്നത്.മറ്റുവഴികളെല്ലാം അടച്ചു.
ലോക്ക്ഡൗൺ ഇളവുകളുടെ കാര്യത്തിൽ കേന്ദ്രം ഇടപെട്ടതോടെ ഇടുക്കിയിലും കോട്ടയത്തും അനുവദിച്ച ഇളവുകൾ പിൻവലിച്ചു. കോട്ടയം ജില്ലയിൽ ഇന്നുമുതൽ നിലവിൽ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളിൽ മാറ്റം വരുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. പൊലീസ് പരിശോധന മുൻ ദിവസങ്ങളിലേത് പോലെ കർശനമായി തുടരാനാണ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഓട്ടോ ടാക്സി സർവീസുകൾക്കും നിരോധനമുണ്ട്. വ്യാപര സ്ഥാപനങ്ങൾ തുറക്കുന്നതിലും നിയന്ത്രണമുണ്ട്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ജുവലറികളും തുറക്കുന്നതിന് നിരോധനം തുടരും. അതേസമയം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാഴ്സൽ സർവീസിന് അനുമതിയുണ്ട്. സർക്കാർ സ്ഥാപനങ്ങള്‍ 33 ശതമാനം ജീവനക്കാരുടെ ഹാജർ ഉറപ്പാക്കി പ്രവർത്തിക്കണം എന്നാണ് അധികൃതർ പറയുന്നത്.