തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് അനുവദിച്ചതോടെ ഹോട്ട് സ്‌പോട്ടുകളിലുൾപ്പെടെ ആളുകൾ കൂട്ടത്തോടെ റോഡിലിറങ്ങിയ സാഹചര്യം കണക്കിലെടുത്ത് പൊലീസും ആരോഗ്യവകുപ്പും ഇന്ന് വീണ്ടും നടപടികൾ കടുപ്പിച്ചു. സംസ്ഥാനത്ത് ഇന്നലെ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കണ്ണൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനം വീടിന് പുറത്തിറങ്ങാത്ത വിധം സുരക്ഷ ശക്തമാക്കി.
കണ്ണൂരിനൊപ്പം രോഗം വ്യാപകമായിരുന്ന കാസർകോടും അയൽജില്ലകളായ കോഴിക്കോടും മലപ്പുറവുമെല്ലാം ഇപ്പോഴും റെഡ് സോണിലാണ്. ഇവിടങ്ങളിലെല്ലാം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. സംസ്ഥാന അതിർത്തികളായ വയനാട്, പാലക്കാട് ജില്ലകളിലും പൊലീസ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരിശോധനകൾ ശക്തമാണ്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഒരാളെയും ഇവിടേക്ക് കടന്നുവരാൻ അനുവദിക്കുന്നില്ല.
വയനാട്ടിൽ ലോക്ക് ഡൗൺ ഇളവ് കണക്കാക്കി ഇന്നലെ വ്യാപകമായി തുറന്ന കടകളിൽ പലതും പൊലീസ് ഇടപെട്ട് അടപ്പിച്ചു. പാലക്കാട് ടൗണിനെ ഹോട്ട് സ്പോട്ടാക്കി ഇന്നലെ പ്രഖ്യാപിച്ചിരുന്നതിന് ഇന്ന് മാറ്റം വരുത്തിയെങ്കിലും അനാവശ്യമായ യാത്രകളും കൂട്ടം ചേരലും ഒഴിവാക്കാൻ പരിശോധനകൾ കടുപ്പിച്ചിട്ടുണ്ട്.
ഗ്രീൻ സോണായി പ്രഖ്യാപിച്ചിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ പലതും ഒഴിവാക്കി ജില്ലാ ഭരണകൂടങ്ങൾ നടപടികൾ കർശനമാക്കി. കൊവിഡ് ബാധിതമേഖലയായ തമിഴ്നാട്ടിലെ തേനിയിൽ നിന്നും മറ്റും ആളുകൾ കേരളത്തിലേക്ക് കടക്കാതിരിക്കാൻ ഇടുക്കിയിലെ ചെക്ക് പോസ്റ്റിലും വനമേഖലയിലൂടെയുള്ള ഊടുവഴികളിലുമെല്ലാം പൊലീസിന്റെ കർശന പരിശോധന നടന്നുവരികയാണ്.
കൊവിഡ് രോഗ മുക്തമായ ആലപ്പുഴ ജില്ലയിൽ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മാറ്റം വരുത്തിയതിനൊപ്പം ജില്ലാ ഭരണകൂടവും പൊലീസും പരിശോധനകൾ കർശനമാക്കി. കൊവിഡ് ബാധയില്ലാത്ത ചെങ്ങന്നൂരിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കി.
കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 24ന് ശേഷമേ ഇളവുകൾ സംബന്ധിച്ച് വ്യക്തത വരൂ എന്നതിനാൽ ഇവിടങ്ങളിൽ ലോക്ക് ഡൗൺ നിർദേശങ്ങളിൽ അയവില്ല. ലോക്ക് ഡൗൺ നടപടികളിൽ അയവ് വന്നെങ്കിലും രോഗഭീതി ഭയന്ന് തിരുവനന്തപുരം ജില്ലയിൽ നടപടികൾ പൊലീസ് ഇന്ന് കടുപ്പിച്ചു. സംസ്ഥാന - ജില്ലാ അതിർത്തികളിലുൾപ്പെടെ കർശനമായ പരിശോധനയാണ് നടന്നുവരുന്നത്. തിരുവനന്തപുരം നഗരത്തെയും വർക്കല മുൻസിപ്പാലിറ്റിയേയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതിന്റെ ആശങ്കകൾ തുടരുന്നതിനിടെ ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ കാർഷിക, നിർമ്മാണമേഖലകളുൾപ്പെടെ തൊഴിലിടങ്ങൾ പലതും ജീവൻ വച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചാണ് ഇവിടങ്ങളിൽ ജോലികൾ നടക്കുന്നത്.