police

നാഗപട്ടണം: കൊവിഡ് ഭേദപ്പെട്ട് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ആൾക്ക് വമ്പൻ സ്വീകരണം. സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്ന് സ്വീകരണം പാെടിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി നടന്ന സ്വീകരണത്തിനൊടുവിൽ രോഗിക്കും കൂട്ടുകാർക്കും പൊലീസിന്റെ വക പാരിതോഷികം. മറ്റൊന്നുമല്ല, എല്ലാർക്കുമെതിരെ കേസ്.

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ സിർകാഴിയിലാണ് സംഭവം. ഡൽഹിയിൽ നിന്നെത്തിയ സിർകാഴി സ്വദേശിക്കാണ് കൊവിഡ് ബാധിച്ചത്. രണ്ടാഴ്ചയായി ഇയാൾ തിരുവാരൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗം മാറിയതിനെ തുടർന്ന് ഞായറാഴ്ച ആശുപത്രി വിട്ടു. ആംബുലൻസിൽ തിരികെ വീട്ടിലെത്തിയപ്പോൾ സ്വീകരണമേളം. അങ്കം ജയിച്ചുവരുന്ന ചേകവരെ പോലെ സ്വീകരണം കൊഴുത്തു. ആഘോഷത്തിന് വമ്പൻ പാർട്ടിയും. എല്ലാവരും കഴിച്ചും കുടിച്ചും രസിച്ചു. ആ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഇതറിഞ്ഞെത്തിയ പൊലീസ് സംഘത്തിലെ 15 പേർക്കെതിരെ കേസെടുക്കുകയായിരുന്നു.