ration

തിരുവനന്തപുരം: സൗജന്യറേഷൻ വിതരണത്തിൽ ക്രമക്കേട് നടന്നുവെന്ന് ബോധ്യമായിട്ടും റേഷൻകടകൾ പരിശോധിക്കാനുള്ള തീരുമാനം ഭക്ഷ്യവകുപ്പ് ഉപേക്ഷിച്ചതായി റിപ്പോർട്ട്. പരിശാേധനകളുമായി റേഷൻ വ്യാപാരികളെ പ്രകോപിപ്പിച്ചാൽ സൗജന്യഭക്ഷ്യകിറ്റ് വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന പേടിയാണ് ഇതിനുകാരണമത്രേ.

റേഷൻ വാങ്ങിയവരുടെ എണ്ണം വൻതോതിൽ ഉയർന്നതാണ് ക്രമക്കേടുനടന്നതായി സൂചന നൽകുന്നത്. ഇന്നലെ വരെ 97ശതമാനം പേരാണ് റേഷൻ വാങ്ങിയത്. അതായത് 84.39 ലക്ഷം പേർ. കണ്ണൂരും കാസർകോടും വയനാടും കോഴിക്കോടും 100 ശതമാനം പേരും വാങ്ങിയതായാണ് ഭക്ഷ്യവകുപ്പിന്റ വെബ്സൈറ്റിലെ കണക്ക്. ഇപോസ് മെഷീനിൽ കൈവിരൽ പതിപ്പിക്കുന്നതും ഒ.ടി.പിയും ഒഴിവാക്കി കാർഡ് നമ്പർ മാത്രം രേഖപ്പെടുത്തിയായിരുന്നു സൗജന്യ അരി വിതരണം. ആർക്കും എവിടെ നിന്നും വാങ്ങാവുന്ന പോർട്ടബിലിറ്റി എന്ന സംവിധാനം കൂടിയായതോടെ ക്രമക്കേട് നടത്താൻ എളുപ്പവഴിയായി. ചിലയിടങ്ങിൽ മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും കാർഡ് നമ്പർ ഉപയോഗിച്ച് അരി മറിച്ചവിറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

എഴുപതിനായിരം പേർ സ്ഥിരമായി റേഷൻ വാങ്ങാത്തവരാണന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് 90 ശതമാനത്തിലധികം വിതരണം നടന്ന കടകളിൽ പരിശോധന നടത്താൻ അധികൃതർ ഉത്തരവിട്ടത്. എന്നാൽ പരിശോധന നടത്തിയാൽ ഭക്ഷ്യകിറ്റ് വിതരണം മുടക്കുമെന്ന് ഭീഷണി ഉയർന്നതോടെ പരിശോധന ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.