സോൾ: ഉത്തര കൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉൻ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന വാർത്ത നിഷേധിച്ച് ദക്ഷിണ കൊറിയ. കിം ശസ്ത്രക്രിയയ്ക്ക് വിധേയനായതായും മസ്തിഷ്ക മരണം സംഭവിച്ചതായും അമേരിക്കൻ ഏജൻസികൾ വാർത്ത പുറത്തുവിട്ടിരുന്നു. എന്നാൽ, വാർത്തകളോട് ഇതേവരെ ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല. എന്നാൽ കിം ജോംഗ് ഉന്നിന്റെ നില അതീവ ഗുരുതരമാണെന്ന തരത്തിലുള്ള യാതൊരു വിവരവും തങ്ങൾക്ക് ഇതേവരെ ഉത്തര കൊറിയയിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് ദക്ഷിണ കൊറിയൻ രാഷ്‌ട്രപതി ഭവൻ അറിയിച്ചിരിക്കുന്നത്. ഇതാദ്യമായല്ല കിമ്മിന്റെ ആരോഗ്യനിലയെ പറ്റി അഭ്യൂഹങ്ങൾ പരക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങൾ അലട്ടുന്ന കിമ്മിന് ആപത്ത് സംഭവിച്ചെന്ന മട്ടിൽ ഉണ്ടായ പല വാർത്തകളും പിന്നീട് ഉത്തര കൊറിയ തള്ളിക്കളഞ്ഞിരുന്നു.
ഏപ്രിൽ 15ന് മുത്തച്ഛന്റെ ജന്മദിനാഘോഷ ചടങ്ങുകളിൽ കിം പങ്കെടുത്തിരുന്നില്ല. ഉത്തര കൊറിയയുടെ രാഷ്ട്രപിതാവെന്നറിയപ്പെടുന്ന കിമ്മിന്റെ മുത്തച്ഛൻ കിം ഇൽ സാംഗിന്റെ ജന്മദിനം രാജ്യത്ത് വലിയ ആഘോഷമാണ്. കിം ഇതേവരെ ഈ ചടങ്ങുകളിൽ വിട്ടു നിന്നിട്ടുമില്ല. ഇതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിത്തുടങ്ങിയത്. ഏപ്രിൽ 11ന് വർക്കേഴ്സ് പാർട്ടി പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം കിമ്മിനെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഒരു മിസൈൽ പരീക്ഷണത്തിലും കിം ഉണ്ടായിരുന്നതായി ഉത്തര കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുമില്ല. സാധാരണ മിസൈൽ പരീക്ഷണങ്ങൾക്കെത്തുന്ന കിമ്മിന്റെ ഫോട്ടോ പുറത്തു വിടുന്നത് പതിവാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനുവരിയിൽ തന്നെ ഉത്തര കൊറിയ തങ്ങളുടെ അതിർത്തികളെല്ലാം അടച്ചിരുന്നു.
അതേസമയം, ഒരു ഉത്തരകൊറിയൻ വെബ്സൈറ്റിലൂടെ തന്നെയാണ് കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന വാർത്ത ആദ്യം പുറത്തു വന്നത്. കിം ഹൃദയസംബന്ധമായ രോഗം നേരിടുന്നതായും ഇപ്പോൾ അത് ഗുരുതര നിലയിലാണെന്നും ഡെയ്‌ലി എൻ.കെ വെബ്സൈറ്റിലൂടെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാളാണ് അറിയിച്ചത്. ഇതോടെയാണ് കിമ്മിനെ പറ്റിയുള്ള വാർത്തകൾ തലപൊക്കി തുടങ്ങിയത്.
യു.എസ് ഏജൻസികൾക്കും കിമ്മിന്റെ ആരോഗ്യ നിലയെ പറ്റി സൂചന ലഭിച്ചെന്ന വിവരത്തെ തുടർന്ന് യു.എസ് മാദ്ധ്യമങ്ങളും കിം ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്തു വിടുകയായിരുന്നു. യു.എസ് മാദ്ധ്യമങ്ങളാണ് കിമ്മിന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും വാർത്തകൾ പുറത്തുവിട്ടത്. എന്നാൽ ദക്ഷിണ കൊറിയൻ സർക്കാരും ചൈനീസ് ഇന്റലിജൻസ് വൃത്തങ്ങളും ഈ വാർത്തകൾ തെറ്റാണെന്നാണ് ഇപ്പോൾ വിശദീകരിക്കുന്നത്. എന്നാൽ കിമ്മിന് ഹൃദയ ശസ്ത്രക്രിയ നടന്നിട്ടില്ലെന്ന് ഇതുവരെ ആരും നിഷേധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കിം അതീവ ഗുരുതരാവസ്ഥയിലാണെന്ന വാദം മാത്രമാണ് ദക്ഷിണ കൊറിയയും ചൈനയും നിഷേധിച്ചത്. ഉത്തര കൊറിയയിൽ സാധാരണ നേതാക്കളുടെ ആരോഗ്യസ്ഥിതിയെ പറ്റി ജനങ്ങളെ അറിയിക്കാറുമില്ല.
2014 സെപ്‌റ്റംബർ ആദ്യം മുതൽ 40 ദിവസത്തേക്ക് കിം അപ്രത്യക്ഷനായിരുന്നു. കിമ്മിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്നതുൾപ്പെടെ അഭ്യൂഹങ്ങളുടെ പ്രവാഹമായിരുന്നു അന്ന്. എന്നാൽ പിന്നീട് ഒരു ഊന്നുവടിയുമായി കിം വീണ്ടും പ്രത്യക്ഷപ്പെട്ടു. കിം ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായി അന്ന് ഉത്തര കൊറിയൻ മാദ്ധ്യമങ്ങൾ സമ്മതിച്ചിരുന്നു.