ramesh-chennithala

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ടുള്ള സ്‌പ്രിംഗ്ലർ ഇടപാടിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കമ്പനി ഡാറ്റാ മോഷ്ടിച്ചെന്ന സാദ്ധ്യത തള്ളാനാവില്ലെന്നും ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ സത്യം തെളിയുകയുള്ളൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇടപാടിലെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. അമേരിക്ക സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയോയെന്ന കാര്യം വ്യക്തമാക്കണം. അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ കൊള്ളയാണ് ഇവിടെ നടന്നിരിക്കുന്നത്. പ്രതിപക്ഷം ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനം. കള്ളം കൈയോടെ പിടിച്ചപ്പോഴുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്.

കമ്പനിയുമായി രണ്ട് വർഷമായി ചർച്ച നടക്കുന്നുവെന്നാണ് ഐ.ടി സെക്രട്ടറി പറഞ്ഞത്. അക്കാര്യം എന്തുകൊണ്ടാണ് മുഖ്യമന്ത്രി മറച്ചുവച്ചത്. ഇടപാടിന്റെ ഉത്തരവാദിത്തിൽ നിന്ന് പീലാത്തോസിനെ പോലെ മുഖ്യമന്ത്രിക്ക് കൈ കഴുകാനാകില്ല. ഇഷ്‌ടമില്ലാത്ത കാര്യത്തെ കുറിച്ച് ചോദിക്കുമ്പോൾ ഏകാധിപതിമാരെ പോലെ അസഹിഷ്‌ണുത കാണിക്കുകയാണ് മുഖ്യമന്ത്രി. മാദ്ധ്യപ്രവർത്തകരെ മാദ്ധ്യമ സിൻഡിക്കേറ്റുകളെന്ന് വിളിക്കുന്നു.

സാമ്രാജ്യത്തെ വാതോരാതെ വിമർശിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ള ഇപ്പോൾ അവരെ വാരിപ്പുണരുകയാണ്. തങ്ങളുടെ ആരോഗ്യവിവരങ്ങൾ ചോർത്താൻ അവസരമൊരുക്കിയ മുഖ്യമന്ത്രിയെ കൊണ്ട് കേരളത്തിലെ ജനങ്ങൾ മറുപടി പറയിക്കും. കുറ്റക്കാരനായ മുഖ്യമന്ത്രി എന്നാകും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുക. കരാർ സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ ആരോഗ്യപുരോഗതി എൽ.ഡി.എഫിന് മാത്രം അവകാശപ്പെട്ടതല്ല. സ്വയം കൊട്ടിഘോഷിക്കുന്ന ഇമേജല്ലാതെ സർക്കാരിന് ഒരു ഇമേജും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.