lock-down

ന്യൂഡൽഹി: രാജ്യത്തിന് മേയ് മൂന്നിന് ശേഷം ദേശീയതലത്തിൽ ലോക്ക് ഡൗണിന് നൽകേണ്ട ഇളവുകൾ ചർച്ച ചെയ്‌ത് തീരുമാനിക്കാനായി ഇന്ന് മന്ത്രിതല സമിതിയോ​ഗം ചേരും. വൈകിട്ട് നാല് മണിക്കാണ് യോ​ഗം. ഏപ്രിൽ 20-ന് ശേഷം ലോക്ക് ഡൗണിൽ വരുത്തിയ ഇളവുകൾ എത്രത്തോളം ഫലം കണ്ടെന്നുവെന്നതും ഇനി ഇളവുകൾ വരുത്തേണ്ട മേഖലകളും യോഗത്തിൽ ‍ച‍ർച്ചയാവും.

രാജ്യത്തെ ഭൂരിഭാ​ഗം ജില്ലകളും കൊവിഡ് പ്രതിരോധത്തിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും. ഏഴോളം സംസ്ഥാനങ്ങളിൽ ആയിരത്തിലേറെ രോ​ഗികളുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 4666 രോ​ഗികളുണ്ട് എന്നാണ് രാവിലെ പുറത്തു വന്ന ഔദ്യോ​ഗിക കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ഇതെല്ലാം മന്ത്രിതല സമിതി വിശദമായി ചർച്ച ചെയ്യും.

കൊവിഡ് വ്യാപനം തടയുന്നതിൽ ലോക്ക് ഡൗൺ വലിയ തോതിൽ​ ​ഗുണം ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ഇന്ത്യ ശരിയായ സമയത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് രോ​ഗവ്യാപനം തടയാൻ ​ഗുണകരമായെന്ന് നേരത്തെ ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടിരുന്നു.