-ankle-monitor

ഓസ്‌ലോ : കൊവിഡിന്റെ പശ്ചാത്തലത്തിൽ നൂറോളം തടവുകാരെ ജയിൽ നിന്നും വീടുകളിലേക്ക് മാറ്റി നോർവെ. ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയ്ക്കാനും കൊവിഡ് പടരുന്നത് തടയാനുമാണ് ജയിൽ അധികൃതർ ഒരു വിഭാഗം തടവുകാരെ ജയിലറകളിൽ നിന്നും മോചിപ്പിച്ച് പകരം അവരവരുടെ വീടുകളിൽ തടവുകളിലാക്കിയിരിക്കുന്നത്.

94 തടവുകാരെയാണ് കഴിഞ്ഞ ദിവസം ഇതുപോലെ വീടുകളിലേക്ക് മാറ്റിയത്. അതേ സമയം, വീടുകളിൽ പാർപ്പിച്ചിരിക്കുന്ന എല്ലാ തടവുകാരുടെയും കാലുകളിൽ ഇലക്ട്രോണിക് ആങ്കിൾ മോണിറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. ജയിലിനുള്ളിൽ കഴിയുന്ന തടവുകാർക്കും ജീവനക്കാർക്കും കൊവിഡ് ഒരു പോലെ ഭീഷണിയാണ്.

മാർച്ച് 15 മുതൽ നോർവെയിലെ ജയിലുകളിൽ സന്ദർശക വിലക്കേർപ്പെടുത്തിയിരുന്നു. ആങ്കിൾ മോണിറ്ററുകളുമായി അതേ വരെ 311 പേരെ അധികൃതർ വീടുകളിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം 94 പേരെ കൂടി ജയിലിൽ നിന്നും മാറ്റിയതോടെ വീടുകളിൽ തടവിൽ കഴിയുന്നവരുടെ എണ്ണം 405 ആയി. ഇത്തരത്തിൽ വീടുകളിൽ കഴിയുന്ന തടവുകാരുടെ എണ്ണം 500 വരെ ഉയർത്താൻ ജയിൽ അധികൃതർക്ക് അനുവാദമുണ്ട്. ഇതിനായി കൂടുതൽ മോണിറ്ററുകളും ജയിൽ അധികൃതർ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ആറ് മാസത്തിൽ താഴെ തടവിന് വിധിക്കപ്പെട്ടവർക്കോ അല്ലെങ്കിൽ ശിക്ഷാ കാലാവധി ആറ് മാസം ശേഷിക്കുന്നവർക്കോ ഇലക്ട്രോണിക് ആങ്കിൾ മോണിറ്റർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെ അവരുടെ വീടുകളിൽ തന്നെ ശിക്ഷ തുടരാമെന്ന പ്രത്യേക നിയമം മാർച്ച് 24ന് നോർവെയിൽ നിലവിൽ വന്നിരുന്നു.