covid

റിയാദ്: സൗദിയിൽ പുതുതായി 1,122 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ഇന്ന് 6 പേർ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 103 ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 1490 ആയി.

രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ലേബർ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന തൊഴിലാളികളെ രോഗം നിർണ്ണയിക്കുന്ന ഫീൽഡ് ടെസ്റ്റ് നടത്തുന്നതിനായി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളുടെ സഹായം തേടി.

10 ദിവസത്തിനകം തൊഴിലാളികളുടെ താമസ സ്ഥലത്തിന്റെ വിശദാംശങ്ങളും 'ഈജാർ' സിസ്റ്റത്തിൽ രേഖപ്പെടുത്തണമെന്ന് മന്ത്രാലയത്തിലെ ലേബർ ഹൗസിംഗ് റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടു. പാർപ്പിട കാര്യ, നഗര ഗ്രാമ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തുന്ന ഈ സംവിധാനം വഴി മുഴുവൻ ലേബർ ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരിട്ട് പരിശോധന നടത്തി രോഗ നിർണ്ണയം നടത്താനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളിലേറെയും ലേബർ ക്യാമ്പുകളിൽ നിന്നാണ്. ജനങ്ങൾ ഇടതിങ്ങി താമസിക്കുന്ന കേന്ദ്രങ്ങളിലാണ് ഇപ്പോൾ പരിശോധന നടന്നുവരുന്നത്.

ആളുകൾ കൂടുതലുള്ള ക്യാമ്പുകളിൽ അധികൃതർ ഇതിനകം പരിശോധന നടത്തുകയും നിരവധി തൊഴിലാളികളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന രണ്ടര ലക്ഷത്തോളം തൊഴിലാളികളെ സ്‌കൂൾ കെട്ടിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു കഴിഞ്ഞു.