എറണാകുളം: സ്പ്രിംഗ്ളറിന് ഡാറ്റ കൈമാറ്റം ചെയ്തതിനെ കുറിച്ച് സർക്കാരിനോട് വിശദാംശങ്ങൾ തിരക്കി ഹൈക്കോടതി. വ്യക്തികളുടെ ചികിത്സ വിവരങ്ങൾ അതിപ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തി സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും കമ്പനിയുടെ പ്രവർത്തനം സേവനമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ സർക്കാർ നൽകിയ ഉത്തരം അപകടകരമാണെന്നായിരുന്നു കോടതിയുടെ മറുപടി.
വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഏതൊക്കെ രോഗങ്ങൾക്കാണ് ചികിത്സ തേടുന്നത് എന്ന ചോദ്യം സെൻസിറ്റീവ് ആണ്.അതിനെയാണ് ചോദ്യം ചെയ്യുന്നത്, ഈവിവരങ്ങളാണ് സ്പ്രിംഗ്ലറിന് കൈമാറ്റം ചെയ്യുന്നതെന്നും ഹർജിക്കാരൻ പറഞ്ഞു. മൊബൈൽ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങളാണ് കമ്പനിക്ക് അയച്ചുകൊടുക്കുന്നത്. ഈ വിവരങ്ങൾ സേവ് ചെയ്യുന്നത് കമ്പനിയുടെ സെർവറിൽ ആണ് ആളുകളുടെ അനുവാദം ഇല്ലാതെയാണ് വിവരം കൈമാറുന്നതെന്നും ഹര്‍ജിക്കാരൻ വാദിച്ചു. സംസ്ഥാന സർക്കാരിന്‍റെ സെർവറിലാണ് വിവരങ്ങൾ ശേഖരിക്കുന്നതെങ്കിൽ കുഴപ്പമില്ലെന്നും ഹർജിക്കാരൻ പറഞ്ഞു.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പെട്ടെന്ന് പ്രവർത്തിച്ചതാണെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു. സെൻസിറ്റീവ് വിവരങ്ങൾ ഒന്നും ഇല്ല. അങ്ങനെ പറായാനാകില്ലെന്ന് പറഞ്ഞ കോടതി മെഡിക്കൽ വിവരങ്ങൾ സെൻസിറ്റീവ് മാത്രമല്ല അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടി.
എന്തിനാണ് മൂന്നാമത് ഒരു കമ്പനിയെ ഡാറ്റാ ശേഖരണം ഏൽപിച്ചതെന്നായിരുന്നു സംസ്ഥാന സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. സംസ്ഥാനത്തിന് സ്വന്തമായി ഐ.ടി വിഭാഗം ഇല്ലേയെന്നും കോടതി ചോദിച്ചു. സേവനം എന്ന നിലയിൽ മാത്രമാണ് സോഫ്ട് വെയര്‍ ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. ഡാറ്റാ ചോരുന്നില്ല എന്ന ഉറപ്പ് സംസ്ഥാന സർക്കാരിന് നൽകാനാകുമോ എന്നും ഹൈക്കോടതി ചോദിച്ചു.
സര്‍ക്കാര്‍ മറുപടി അപകടകരമാണെന്ന് കോടതി നിലപാടെടുത്തതോടെ വിശദമായ സത്യവാങ്മൂലം നൽകാമെന്ന് സര്‍ക്കാര്‍ മറുപടി നൽകി. സർക്കാർ നാളത്തേക്ക് സമയം ചോദിച്ചെങ്കിലും 15 മിനിറ്റിനകം മറുപടി വേണമെന്നായിരുന്നു കോടതിയുടെ മറുപടി.