china

നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്കായി സർവ വാതിലുകളും തുറന്നിട്ടിരുന്ന ഇന്ത്യ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഈ നയത്തിൽ പൊടുന്നനെ കാതലായ ഒരു മാറ്റം പ്രഖ്യാപിച്ചത് പലരെയും അത്ഭുതപ്പെടുത്താതിരുന്നില്ല. ഇന്ത്യയോടു അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് ഇന്ത്യയിൽ നിക്ഷേപം കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയോടും അംഗീകാരത്തോടും കൂടിയേ ആകാവൂ എന്ന തരത്തിലാണ് മാറ്റം. ചൈന, പാകിസ്ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, അഫ്‌ഗാനിസ്ഥാൻ എന്നിവയാണ് ഇന്ത്യയുടെ തൊട്ട് അയൽക്കാരായുള്ളത്. ഇവയിൽ പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങൾക്ക് നേരത്തെ തന്നെ ഉപാധികളോടെ മാത്രമേ ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുമതിയുള്ളൂ. വിദേശ നിക്ഷേപ നിയമത്തിൽ ഇന്ത്യ പൊടുന്നനെ കൊണ്ടുവന്ന മാറ്റം പ്രധാനമായും ചൈനയെ ഉദ്ദേശിച്ചാണ്.

ലോകത്തെ പ്രബല സാമ്പത്തിക ശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് ഇതിനകം തന്നെ ഇന്ത്യയിൽ വൻ നിക്ഷേപങ്ങളുണ്ട്. കഴിഞ്ഞ മാർച്ചിലെ കണക്കനുസരിച്ച് അത് ഏകദേശം 26 ബില്ല്യൻ ഡോളറിനടുത്തുവരും. അടിസ്ഥാന വികസന മേഖല, ഗാർഹിക ഉത്‌പന്നങ്ങൾ, ഊർജ്ജം, റിയൽ എസ്റ്റേറ്റ്, വാഹന നിർമ്മാണം തുടങ്ങിയ വൻകിട മേഖലകൾക്കു പുറമെ അനവധി സ്റ്റാർട്ടപ്പുകളിലും ചൈനയ്ക്ക് ഇന്ത്യയിൽ പ്രകടമായ സാന്നിദ്ധ്യമുണ്ട്.

അടുത്ത അഞ്ചുവർഷം കൊണ്ട് ലോകത്തെ ഒന്നാം കിട സാമ്പത്തിക ശക്തിയാകാനുള്ള വൻ കുതിപ്പിലാണ് ചൈന. അതിനിടയിലാണ് കൊവിഡ് എന്ന മഹാമാരി കടന്നുവരുന്നത്. കൊവിഡിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ്. ചൈനയ്ക്ക് ഇതിന് വലിയ വില കൊടുക്കേണ്ടിയും വന്നു. കൊവിഡിനെതിരായി കൈക്കൊണ്ട പ്രതിരോധ നടപടികൾ മറ്റു ലോക രാജ്യങ്ങളെപ്പോലെ ചൈനയുടെ സാമ്പത്തിക നിലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും വളരെ വേഗം പ്രതിസന്ധിയിൽ നിന്നു കരകയറാൻ അവർക്കു സാധിച്ചു. മാത്രമല്ല മഹാമാരിയും വൻ അവസരമാക്കി സാമ്പത്തിക മേഖലയ്ക്ക് ഊർജ്ജം പകരാനുള്ള കുശാഗ്രബുദ്ധിയും ചൈന പുറത്തെടുത്തു. കൊവിഡ് പ്രതിരോധ ഉത്‌പന്നങ്ങൾ മാത്രം കയറ്റുമതി ചെയ്ത് കഴിഞ്ഞ മൂന്നു മാസത്തിനിടെ ചൈന നേടിയത് 11000 കോടി രൂപയാണ്. മഹാമാരിയിൽ ലോക രാജ്യങ്ങൾ അമ്പേ തകർന്നു നിൽക്കുമ്പോൾ വീണുകിട്ടിയ അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ചൈന. വിദേശ രാജ്യങ്ങളിൽ തങ്ങൾക്കു നിക്ഷേപമുള്ള പല സ്ഥാപനങ്ങളും അചിരേണ ഏറ്റെടുത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. ഇതു മുന്നിൽക്കണ്ട് പല യൂറോപ്യൻ രാജ്യങ്ങളും ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ പെടാപ്പാടു പെടുകയാണ്. ചൈനയുടെ നേരിട്ടുള്ള നിക്ഷേപത്തിന് തടയിടാനായി ഇന്ത്യ നിയമ ഭേദഗതി കൊണ്ടുവന്നതും ഇതേ ലക്ഷ്യം വച്ചാണ്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രാജ്യത്തെ വ്യവസായ മേഖലയെ പാടേ സ്തംഭനാവസ്ഥയിലാക്കി. ചൈനീസ് നിക്ഷേപമുള്ള അനേകം സംരംഭങ്ങളും ഇക്കൂട്ടത്തിലുണ്ട്. മഹാമാരി ശമിച്ചാലും വ്യവസായ മേഖല പഴയ നിലയിലെത്താൻ ഏറെക്കാലമെടുക്കും. പിടിച്ചുനിൽക്കാനാകാതെ കഷ്ടത്തിലാകുന്ന കമ്പനികളും ധാരാളമുണ്ടാകും. ഈ അവസരം മുതലെടുത്ത് അവയുടെ നടത്തിപ്പ് ഏറ്റെടുത്ത് തങ്ങളുടെ സാന്നിദ്ധ്യം വിപുലമാക്കാൻ ചൈനീസ് കമ്പനികൾ കരുനീക്കങ്ങൾ നടത്തുമെന്നുറപ്പാണ്. അതിനുള്ള നടപടികളിൽ ചിലത് തുടങ്ങുകയും ചെയ്തിരുന്നു ഒട്ടകത്തിന് സ്ഥലം കൊടുത്തതു പോലെ വിരുന്നുകാരനായി വന്ന് വീട്ടുകാരനായിത്തീരാൻ ബുദ്ധിയുള്ള ആരും അവസരം കൊടുക്കില്ല. ചൈനീസ് കമ്പനികളെ പുതിയ നിക്ഷേപം നടത്തുന്നതിൽ നിന്നു നിയന്ത്രിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ ബുദ്ധിപൂർവം എടുത്ത തീരുമാനം തന്നെയാണ്. പുതിയ നിക്ഷേപത്തിനു മാത്രമല്ല, നിലവിൽ നിക്ഷേപമുള്ള കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്ന് നിബന്ധന വച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളിൽ മാത്രം ചൈനയ്ക്ക് ഇന്ത്യയിൽ 400 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണുള്ളത്. കൊവിഡ് ആഘാതത്തിൽ ആടിയുലഞ്ഞു നിൽക്കുന്ന മറ്റ് നിരവധി സംയുക്ത സംരംഭങ്ങളും ഉണ്ട്. ചുളുവിൽ അവയിൽ പലതും സ്വന്തമാക്കാനുള്ള ചൈനീസ് നീക്കത്തിനാണ് കേന്ദ്ര നടപടി തടയിട്ടിരിക്കുന്നത്. ഇതിനിടെ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞാൽ ഏറ്റവും പ്രമുഖ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ ഒരു ശതമാനം വരുന്ന ഓഹരികൾ ചൈനയുടെ സ്വന്തം ബാങ്ക് വാങ്ങിക്കൂട്ടിയതിലെ അപകടവും ഇന്ത്യ കണ്ടറിഞ്ഞിരുന്നു. ഇക്കണക്കിനു പോയാൽ മഹാമാരി കെട്ടടങ്ങുമ്പോഴേക്കും പലതും ചൈനയുടെ അധീനതയിലായിക്കഴിഞ്ഞിരിക്കുമെന്ന ബോദ്ധ്യത്തിലാണ് കടുത്ത നടപടിയിലേക്ക് ഇന്ത്യ കടന്നത്.

സാമ്പത്തിക രംഗത്ത് വായും പിളർന്ന് ദുർബലരെ വിഴുങ്ങാൻ നിൽക്കുന്ന ചൈനയ്ക്കെതിരെ യൂറോപ്പിലെ പ്രമുഖ ശക്തികളും അണിനിരന്നുകൊണ്ടിരിക്കുകയാണ്. ആസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ഇംഗ്ളണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് നിക്ഷേപത്തെ ഇപ്പോൾ സംശയദൃഷ്ടിയോടെയാണ് കാണുന്നത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ നിക്ഷേപ നയത്തിൽ ഇന്ത്യ വരുത്തിയ മാറ്റം ലോക വാണിജ്യ സംഘടനയുടെ തത്വങ്ങൾക്ക് എതിരാണെന്ന വിമർശനവുമായി ചൈന രംഗത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളുടെ നിർദ്ദേശങ്ങൾക്ക് സാധാരണ ഗതിയിൽ ഒരു വിലയും കല്പിക്കാത്ത ചൈനീസ് ഭരണാധികാരികൾ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾ ഹനിക്കപ്പെടുമെന്നു കണ്ടപ്പോൾ ലോക സംഘടനയെ കൂട്ടുപിടിക്കുകയാണ്. ജി - 20 പ്രഖ്യാപനങ്ങൾക്കും ഇന്ത്യൻ തീരുമാനം എതിരാണെന്ന വാദവും ചൈന നിരത്തുന്നു. നിക്ഷേപ നിയന്ത്രണം അയൽ രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് കടുത്ത വിവേചനമാണെന്ന ചൈനയുടെ ആക്ഷേപത്തിൽ കഴമ്പൊന്നുമില്ല. കാരണം ദേശീയ താത്പര്യം പൂർണമായും സംരക്ഷിക്കാനുള്ള ബാദ്ധ്യത ഓരോ രാജ്യത്തിനുമുണ്ട്. ആപൽഘട്ടത്തിൽ നിലയില്ലാക്കയത്തിലാകുന്നവനെ കൗശലപൂർവം കൂടുതൽ പ്രതിസന്ധിയിലാക്കാനുള്ള ശ്രമം എവിടെയുമുള്ള നാട്ടുനടപ്പാണ്. രാഷ്ട്രങ്ങളുടെ കാര്യമെടുത്താലും ഇതു കാണാം. സാമ്പത്തിക ഭീമനാകാനുള്ള നെട്ടോട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ചൈനയുടെ സൃഗാല ബുദ്ധി ലോകം തിരിച്ചറിയാൻ തുടങ്ങി എന്നതിനു തെളിവാണ് ചൈനീസ് നിക്ഷേപത്തിനെതിരെ ഇപ്പോൾ വളർന്നുവരുന്ന പ്രതിരോധനിര.

സാമ്പത്തിക രംഗത്ത് വായും പിളർന്ന് ദുർബലരെ വിഴുങ്ങാൻ നിൽക്കുന്ന ചൈനയ്ക്കെതിരെ യൂറോപ്പിലെ പ്രമുഖ ശക്തികളും അണിനിരന്നുകൊണ്ടിരിക്കുകയാണ്. ആസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ഇംഗ്ളണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് നിക്ഷേപത്തെ ഇപ്പോൾ സംശയദൃഷ്ടിയോടെയാണ് കാണുന്നത്.