ഓർലാൻഡോ : ഇപ്പോൾ വീടിന് പുറത്തിറങ്ങുമ്പോൾ ഏറ്റവും അത്യാവശ്യമായ ഒന്നാണ് മാസ്ക്. അമേരിക്കയിൽ ദിനംപ്രതി വിറ്റുപോകുന്നത് വൻ തോതിലുള്ള ഫേസ് മാസ്കുകളാണ്. ഇതിനിടെ കൊവിഡ് കാലത്ത് ആരും കണ്ടിട്ടില്ലാത്ത തരം വെറൈറ്റി മാസ്കുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഫ്ലോറിഡയിലെ ഡാനിയ ബീച്ചിൽ ഓൾ അമേരിക്കൻ ഗേറ്റർ പ്രൊഡക്ട്സ് എന്ന സ്ഥാപനം നടത്തുന്ന ബ്രയാൻ വുഡ് എന്നയാൾ.
വ്യത്യസ്ഥയിനം ലെതർ മാസ്കുകളാണ് ഇവിടെയുള്ളത്. എന്നാൽ ഈ മാസ്കുകളുടെ നിർമാണം തുണിക്കൊണ്ടല്ല. ബർമീസ് പൈത്തൾ, മുതല തുടങ്ങിയവയുടെ തോലാണ് ബ്രയാൻ ഈ വെറൈറ്റി മാസ്കുകളുടെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബർമീസ് പൈത്തണിന്റെ തോലുകൊണ്ടുണ്ടാക്കിയ ഫേസ്മാസ്കിനാണ് ഇപ്പോൾ ബ്രയാന്റെ കടയിൽ ഡിമാന്റ് കൂടുതൽ. തെക്കൻ ഫ്ലോറിഡയിൽ ധാരാളമായി കാണപ്പെടുന്ന പെരുമ്പാമ്പാണ് ബർമീസ് പൈത്തൺ.
കൊവിഡ് കാലമാണെങ്കിലും ഫാഷൻ ഫ്രീക്കുകളായ ആളുകൾ തന്റെ കടയിലെത്താറുണ്ടെന്നും അവർക്ക് വേണ്ടിയാണ് പുതുമയുള്ള മാസ്കിന് അവതരിപ്പിച്ചിരിക്കുന്നതെന്നും ബ്രയാൻ പറയുന്നു. അതേ സമയം, കൊവിഡിനെ തടയനുപയോഗിക്കുന്ന എം.95 മാസ്കുകളെ പോലെ സുരക്ഷിതമല്ല ഈ പൈത്തൺ മാസ്കുകൾ. മിയാമി, ഓർലാൻഡോ തുടങ്ങി ഫ്ലോറിഡയിലെ മിക്ക നഗരങ്ങളിലും അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങുന്നവരും കടകൾ, ഫാർമസികൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഫേസ്‌മാസ്ക് ധരിക്കണമെന്നത് നിർബന്ധമാക്കിയിരുന്നു.