നെയ്യാറ്റിൻകര: കാലം മാറിയതോടെ നമ്മുടെ വീടുകളിൽ ഏറ്റവും വലിയ വെല്ലുവിളിയായത് മാലിന്യ സംസ്കരണമാണ്. മണ്ണും മാലിന്യ സംസ്കരണത്തിനുള്ള സ്ഥലവും ഇല്ലാത്ത വീടുകളാണ് പലതും. ഭക്ഷണത്തിന്റെയും മറ്റ് അടുക്കളയിൽ നിന്നുമുള്ള പച്ചക്കറികളുടെയും വേസ്റ്റുകൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്നവരാണ് നമ്മുടെ ഇടയിൽ ഏറെയും. ഉള്ള സ്ഥലമാകട്ടെ ഇന്റർ ലോക്കും കോൺക്രീറ്റും മറ്റും ചെയ്ത് മനോഹരമാക്കി ഇട്ടിരിക്കുകയാണ്. എന്നാൽ ലേക്ക് ഡൗൺ പ്രഖ്യാപിച്ച് പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽ ഇരുപ്പായതോടെയാണ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ടെറസിലും വീടിന്റെ പരിസരത്തും പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങിയത്. ഇതോടെ ഈ മാലിന്യത്തിന് കുറച്ചെങ്കിലും പരിഹാരം കണ്ടെത്താൻ ചിലർക്കെങ്കിലും കഴിഞ്ഞിട്ടുണ്ട്. എന്നാൽ പൂർണമായും വീട്ടിൽ ഉണ്ടാകുന്ന മാലിന്യം എങ്ങനെ സംസ്കരിക്കുമെന്ന വെല്ലുവിളി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇങ്ങനെ കീറാമുട്ടിയായ അടുക്കള മാലിന്യത്തെ കുറിച്ച് ഈ കൊവിഡ് കാലത്ത് ഇനി ഭയമേ വേണ്ട. അടുക്കളിയിലെ മാലിന്യങ്ങളെ എങ്ങനെ ഫലപ്രധമായി ഉപയോഗിക്കുന്നു എന്നതാണ് പലരുടെയും വെല്ലുവിളി. ഇതിനുള്ള പരിഹാരവും ഉണ്ട്.
ഇടുക്കളയിലെ മാലിന്യം മൂന്ന് തരത്തിലുണ്ട് അവയ്ക്ക് പൂർണമായ ഉപയോഗങ്ങളും ഉണ്ട്
1. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, പച്ചക്കറി വേസ്റ്റുകൾ, ഇറച്ചിയുടെയും മീനിന്റെയും വേസ്റ്റ്
അഴുകുന്ന ഇത്തരം മാലിന്യം കമ്പോസ്റ്റാക്കി വളമായി സൂക്ഷിക്കാം. അല്ലെങ്കിൽ ചെടികളിൽ നേരിട്ട് ഉപയോഗിക്കാം
2. കത്തിച്ച് ചാമ്പലാക്കാൻ കഴിയുന്ന പേപ്പർ, തുണിയുടെ ബാക്കി, പേപ്പർ ബാഗുകൾ
തകിട് ബിന്നിലും മറ്റും കത്തിക്കാൻ കഴിയുന്നമാലിന്യം ഉണക്കി കത്തിച്ച് ചാരമായി സൂക്ഷിക്കാം
3. സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കവറുകളും അരിയും മറ്റും വാങ്ങുന്ന ചാക്കുകളും
ചെറിയ കവറുകലിൽ മണ്ണ് നിറച്ച് പച്ചക്കറികൾ നടാനും വിത്ത് മുളപ്പിക്കാനും ഉപയോഗിക്കാം. ചാക്കുകളിൽ മണ്ണും ചാരവും ഇലയും നിറച്ച് ചേന, കാച്ചിൽ, ഇഞ്ചി എന്നിവയും നടാം.
പ്ലാസ്റ്റിക് കവറുകൾ, ഗ്രോബാഗുകൾ, എന്നിവയിൽ ചെടികൾ നടാം. കവറിൽ അല്ലെങ്കിൽ ഗ്രോബാഗിൽ ചെറിയ അളവിൽ മണ്ണിട്ട ശേഷം ഓരോ ദിവസവും അഴുകുന്ന അടുക്കള മാലിന്യവും ചാരവും ഇടകലർത്തി ഇടണം. ഇത് നിറയുമ്പോൾ അടുത്ത 15 ദിവസത്തേക്ക് വെള്ളം ഒഴിച്ച് കൊടുക്കണം. അത്രയും ദിവസം കഴിയുമ്പോൾ ഇവ പച്ചക്കറി നടാനുള്ള പാകമാകും. ഒരു കവറിൽ ഒരു തൈ എന്ന നിലയിൽ നടാം. വളരുന്നത് അനുസരിച്ച് അടുക്കള മാലിന്യം ഈ തൈകൾക്ക് വളമായി നൽകാം.