
മലപ്പുറം: ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ വ്യാപക അറസ്റ്റ്. ഉച്ച വരെ 43 പേരെയാണ് അറസ്റ്റ് ചെയ്തത്. പതിമൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയില്‍ ലോക്ക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലവിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്ക് അറിയിച്ചു.
ജില്ലയിലെ പതിമൂന്ന് കേന്ദ്രങ്ങളാണ് അതി തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗികമായ ഇളവുകളൊന്നും ജില്ലയില്‍ ബാധകമാവില്ല. അതി തീവ്രമേഖലകളായ പഞ്ചായത്തുകളിലും നഗരസഭകളിലും അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യ യാത്രകള്‍ മാത്രമെ രോഗബാധിത പഞ്ചായത്തുകള്‍ക്ക് അകത്തും അനുവദിക്കുന്നുള്ളൂ. പുറത്തിറങ്ങുന്നവരെ പൊലീസ് കര്‍ശനമായി പരിശോധിക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു
കൊവിഡ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനാ ലബോറട്ടറി മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ലാബിന് ഐ.സി.എം.ആറിന്‍റെ അനുമതി കിട്ടിയതോടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് പരിശോധന കേന്ദ്രങ്ങളുടെ എണ്ണം 12 ആയി ഉയർന്നു.