earthday

ഇന്ന് ഭൂമി ദിനമാണ്. അങ്ങനെയേ വിശേഷിപ്പിക്കാവൂ. ഒരുപാട് ദുഃഖങ്ങളും ഭാരവും നമ്മുടെ ഭൂമി സഹിക്കുന്ന സമയമാണ്. സന്താനങ്ങളുടെ പെരുപ്പം കൊണ്ടും അവരുടെ ആർത്തികൊണ്ടുമെല്ലാം ഭൂമി കൂടുതൽ ദുഃഖിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ കാലം ഇനിയും ഏറെ നീണ്ടു പോകണമെന്ന് ആഗ്രഹിക്കാമെന്നേ ഉള്ളൂ. കൂടുതൽ കൂടുതൽ ധൂർത്തും കൂടുതൽ ആഡംബരവും അതിലേറെ അഹങ്കാരവും കൊണ്ട് ഭൂമിയെ മുറിവേൽപ്പിച്ച് തളർത്തരുതേ... പ്രാർത്ഥന ഒന്നേയുള്ളൂ- എളിയ രീതിയിൽ ജീവിക്കാൻ മനുഷ്യനെ പഠിപ്പിക്കണമേ,​ മറ്റൊരു വഴിയും ഞാൻ കാണുന്നില്ല. ഈശ്വരൻ നമ്മുടെ അമ്മയ്ക്ക് സമാധാനം കൊടുക്കട്ടെ!

എനിക്ക് ഈ ഭൂമിയോട് നന്ദിയുണ്ട്. എനിക്കു വാരിക്കോരിത്തന്ന സ്നേഹത്തിന്,​ വിശ്വാസത്തിന്. എല്ലാറ്റിനോടും നന്ദി. ഈ മണ്ണിനോട്,​ മഴയോട്,​ വെയിലിനോട്,​ എന്നെ ഊട്ടിയ അന്നത്തോട്. അടുത്ത ജന്മവും ഈ മണ്ണിൽത്തന്നെ കഷ്ടപ്പെടാനും വരണം.

എനിക്ക് ഒരുപാട് രോഗങ്ങളുണ്ട്,​ ശരീരത്തിന്. മനസിനെ അതൊന്നും ബാധിക്കില്ലെന്നു തോന്നും. മതി,​ മതി എന്നു പ്രകൃതി പറഞ്ഞാലും ഇത്തിരികൂടി ചെയ്യാനുണ്ടെന്നു തോന്നും. വളരെ കുട്ടിക്കാലത്തേ എനിക്ക് പ്രകൃതിയോട് ഇഷ്ടമാണ്. പക്ഷികളോടും വൃക്ഷങ്ങളോടും വല്ലാത്ത സ്നേഹമുണ്ടായിരുന്നു. ഉറുമ്പിനെ രക്ഷിക്കാൻ നോക്കുന്ന കുട്ടിയെപ്പറ്റി 'ചെറിയ കുട്ടി മഴയത്ത്' എന്നൊരു കവിത കുട്ടിക്കാലത്ത് എഴുതിയിരുന്നു.

സൈലന്റ്‌വാലി സമരത്തിനൊടുവിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറെ വനനിയമങ്ങൾ കൊണ്ടുവന്നതു കാരണമാണ് ഇന്ത്യയിൽ കുറച്ചെങ്കിലും കാട് ബാക്കിയുള്ളത്. അല്ലെങ്കിൽ ഈ രാഷ്ട്രീയക്കാർ അതെല്ലാം തുണ്ടുതുണ്ടാക്കി അണികൾക്ക് വീതിച്ചുകൊടുത്തേനെ. ഒരിക്കൽക്കൂടി പ്രാർത്ഥിക്കുന്നു- ഈശ്വരൻ നമ്മുടെ അമ്മയ്ക്ക് സമാധാനം കൊടുക്കട്ടെ!