ജനീവ: ലോക്ക്ഡൗണിൽ ഇളവ് വരുത്തുന്നതും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും തിരിച്ചടിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥനോം ഗെബ്രോയൂസസ് മുന്നറിയിപ്പ് നൽകി. ചില ഏഷ്യൻ രാജ്യങ്ങളും യൂറോപ്യൻ സർക്കാരുകളും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ്. ഇത് തിരിച്ചടിയാകുമെന്ന് ഗെബ്രേയൂസസ് ആശങ്ക പ്രകടിപ്പിച്ചു.
കൊവിഡ് ബാധിച്ച് ലോകത്ത് 1,70,000 ലേറെ പേരാണ് മരിച്ചത്. 25 ലക്ഷത്തോളം പേർ രോഗബാധിതരായി. നാം വിചാരിക്കുന്നത് കൊവിഡിന്റെ ഏറ്റവും മോശം അവസ്ഥയാണ് ഇതെന്നാണ്. എന്നാൽ വരാനിരിക്കുന്നത് ഇതിലും മോശം അവസ്ഥയാണെന്നാണ് ഡ.ബ്ല്യൂ.എച്ച്.ഒ മേധാവി വ്യക്തമാക്കി.
കൊവിഡ് നമ്പർ വൺ പൊതുശത്രുവാണ്. വളരെ അപകടകാരിയായ വൈറസാണ്. ഈ ചെകുത്താനെതിരെ ഓരോരുത്തരും പോരാട്ടത്തിന് ഇറങ്ങണമെന്ന് ഗെബ്രോയൂസസ് ആവശ്യപ്പെട്ടു. ഈ വൈറസിനെപ്പറ്റി വേണ്ട രീതിയിൽ മനസിലാക്കാത്ത ആളുകൾ ഇനിയുമുണ്ടെന്നും ഗെബ്രോയൂസസ് അഭിപ്രായപ്പെട്ടു.