sslc

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ശേഷിക്കുന്ന വിഷയങ്ങൾ മെയ് മൂന്നാമത്തെ ആഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനുള്ള സാദ്ധ്യത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണ്.സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ തോത് കുറയുകയും ഏഴ് ജില്ലകളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകുകയും ചെയ്തതോടെയാണ് പരീക്ഷ നടത്തിപ്പിനുള്ള സാദ്ധ്യതകൾ പരിശോധിക്കുന്നത്.

അതേസമയം കേരളത്തിലെ സാഹചര്യം മാത്രം അനുകൂലമായാൽ എസ്.എസ്.എൽ.സി പരീക്ഷ നടത്താനാവില്ല. കേരളത്തിന് പുറത്ത് ഗൾഫിലും ലക്ഷദ്വീപിലും കേരള സിലബസ് പഠിപ്പിക്കുന്ന നിരവധി സ്കൂളുകളുണ്ട്. ഇവിടത്തെ സാഹചര്യം കൂടി പരി​ഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പെട്ടെന്ന് പൂർത്തിയാക്കി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് സർക്കാരും വിദ്യാഭ്യാസവകുപ്പും താത്പര്യപ്പെടുന്നത്. എസ്.എസ്.എൽ.സി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും നടത്താനാണ് നിലവിലെ ധാരണ. ഇതു വഴി സാമൂഹിക അകലം കർശനമായി പാലിക്കാനും സാധിക്കും.അതേസമയം പ്ലസ് വൺ പരീക്ഷ നീട്ടിവയ്ക്കുന്ന കാര്യവും സ‍ർക്കാർ ആലോചിക്കുന്നുണ്ട്.