കിൻഷസ: കിഴക്കൻ കോംഗോയിൽ ഭീതി നിറച്ച് എബോള. കഴിഞ്ഞ ദിവസം ഇവിടെ എബോള ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കടന്നുകളഞ്ഞതോടെയാണ് ഭീതി ഇരട്ടിയായിരിക്കുന്നത്. ഇതോടെ എബോളയെ തടയാൻ അധികൃതർ സ്വീകരിച്ചുവന്ന നടപടികളെല്ലാം അപകടത്തിലായിരിക്കുകയാണ്. കഴിഞ്ഞാഴ്ച മുതൽ ഇതേവരെ ആറ് പേരാണ് കോംഗോയിൽ എബോള സ്ഥിരീകരിച്ചത്.
മീസിൽസ്, കോളറ, കൊവിഡ് തുടങ്ങിയ പകർച്ചവ്യാധികളോടും കോംഗോയിലെ ആരോഗ്യപ്രവർത്തകർ പൊരുതുകയാണ്. ഇതേ വരെ 25 പേർ കൊവിഡ് ബാധിച്ച് കോംഗോയിൽ മരിച്ചു കഴിഞ്ഞു. 332 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ എബോള രോഗി ആശുപത്രിയിൽ നിന്നും കടന്നത് കൂടുതൽ പേരിലേക്ക് രോഗവ്യാപനത്തിനിടെയാക്കുമെന്ന ആശങ്കയും സൃഷ്ടിക്കുന്നത്. കിഴക്കൻ കോംഗോയിൽ എബോള വ്യാപകമായി പടർന്നു പിടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
2013 - 2016ന് ശേഷമുള്ള എബോളയുടെ രണ്ടാം വരവ് തടഞ്ഞു നിറുത്താനായെന്ന ആശ്വാസത്തിലായിരുന്നു കോംഗോ. എന്നാൽ നീണ്ട ഏഴ് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഏപ്രിൽ 10ന് കോംഗോയിൽ വീണ്ടും എബോള വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. അന്ന് മുതൽ രോഗവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നു കോംഗോയിലെ ആരോഗ്യപ്രവർത്തകരും ലോകാരോഗ്യ സംഘടനയും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 28 കാരനായ മോട്ടോർ ബൈക്ക് ടാക്സി ഡ്രൈവറിന് എബോള സ്ഥിരീകരിച്ചത്. ഇയാളെ ബെനി നഗരത്തിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
ദശാബ്ദങ്ങളായി എബോളയുൾപ്പെടെയുള്ള വൈറസുകൾ കോംഗോയെ വേട്ടയാടുകയാണ്. രാജ്യത്ത് പലരും ഇപ്പോൾ ആരോഗ്യപ്രവർത്തകരോട് സഹകരിക്കുന്നില്ല. 2,200 ലധികം പേരാണ് 2018 ഓഗസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട എബോളയുടെ രണ്ടാം വരവിൽ കോംഗോയിൽ ഇതേവരെ മരിച്ചത്. എബോളയെന്ന ഒരു രോഗത്തെ പോലും ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കാൻ തയാറാകുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞ ആളെ അന്വേഷിച്ചു വരികയാണ്. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി വാക്സിൻ നൽകി ക്വാറന്റൈൻ ചെയ്യേണ്ടതുണ്ട്. 15 വയസുള്ള ഒരു പെൺകുട്ടിയ്ക്കും കഴിഞ്ഞ ദിവസം കോംഗോയിൽ എബോള സ്ഥിരീകരിച്ചിരുന്നു.